ബിജെപിയെ ഒതുക്കാൻ പിണറായി വിജയനടക്കമുള്ള മുഖ്യമന്ത്രിമാരുമായി സഖ്യം; ആംആദ്മിയുടെ മൂന്നാം മുന്നണി ശ്രമം ഫലം കണ്ടോ?

Monday 20 March 2023 9:04 PM IST

ന്യൂഡൽഹി: അടുത്ത വ‌ർഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇതര കക്ഷികളെ ഒപ്പം കൂട്ടി മൂന്നാം മുന്നണി രൂപീകരണത്തിന് ആംആദ്മി നടത്തിയ ശ്രമം പാളിയതായി റിപ്പോർട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ഏഴ് ബിജെപി, കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരെ കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ട് ആംആദ്മി കത്തയച്ചതായാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ആംആദ്മി ചെയർമാൻ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന മുന്നണി രൂപീകരണ ശ്രമത്തിന് അധിക ആയുസുണ്ടായില്ല. ഫെബ്രുവരി അഞ്ചിനായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അടക്കം നേതാക്കൾക്ക് ആംആദ്മി ക്ഷണക്കത്തയച്ചത്. മാർച്ച് 18ന് ഡൽഹിയിലേയ്ക്ക് എത്താനായിരുന്നു ക്ഷണം. നേതാക്കളെ ക്ഷണിച്ച് കൊണ്ടുള്ള കത്തിന് ആംആദ്മി പ്രതീക്ഷിച്ചത് പോലുള്ള പ്രതികരണമല്ല ലഭിച്ചത് എന്നാണ് വിവരം. അതോട് കൂടി ബിജെപിയുടെ പൊതുശത്രുക്കളായ രാഷ്ട്രീയ പാർട്ടികളെ 2024ലെ തിരഞ്ഞെടുപ്പിൽ ഒപ്പം കൂട്ടാനുള്ള ആംആദ്മിയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.

തെലങ്കാന ചീഫ് മിനിസ്റ്ററും അരവിന്ദ് കേജരിവാളുമായി ഊഷ്മളമായ ബന്ധം പുലർത്തുന്ന കെ ചന്ദ്രശേഖര റാവു മാത്രമാണ് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ക്ഷണം നിരസിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത് എന്നാണ് വിവരം.

അതേസമയം വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് എതിരെ പോരാടാനായി സമാ‌ജ്‌വാദ് പാർട്ടിയെ ഒപ്പം കൂട്ടുമെന്ന് തൃണമൂൽ നേതാവ് മമതാ ബാനർജി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്നാം മുന്നണി രൂപീകരണ ചർച്ചകൾക്കായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി മമത കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കൂടാതെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും അറിയിച്ചിരുന്നു.