കാലം തികയാതെ കല്ലുമ്മക്കായ വിളവെടുപ്പ്; ചൂടാണ് ആശങ്ക

Monday 20 March 2023 10:04 PM IST

തൃക്കരിപ്പൂർ: അനുദിനം ഉയരുന്ന ചൂടിൽ ആശങ്കയോടെ കല്ലുമ്മക്കായ കർഷകർ. ചൂട് കൂടുമ്പോൾ സ്വാഭാവികമായും ഈ കായൽ കൃഷിയെ പ്രതികൂലമായി ബാധിച്ച് നഷ്ടക്കണക്കേറാൻ ഇടയാകുമെന്നതാണ് കർഷകരുടെ വേവലാതി. നഷ്ടം ഭയന്ന് നേരത്തെ വിളവെടുക്കാൻ നിർബ്ബന്ധിതരായിരിക്കയാണ് കർഷകർ.

വിത്തിറക്കി ആറുമാസത്തിന് ശേഷമാണ് സാധാരണയായി വിളവെടുപ്പ്. എന്നാൽ ഈ കാലയളവ് കാത്തു നിൽക്കാതെ പലരും വിളവെടുപ്പു തുടങ്ങി. നല്ല വിളവുണ്ടെങ്കിലും നേരിട്ട് വിപണി ഇല്ലാത്തത് മൂലം ഇടനിലക്കാർ കർഷകരെ ചൂഷണം ചെയ്യു ന്നതായി പരാതിയുമുണ്ട്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ, ചെറുവത്തൂർ പഞ്ചായത്തുകളിലെ രണ്ടായിരത്തിൽ പരം മത്സ്യതൊഴിലാളികളും കർഷക കൂട്ടായ്മകളും കുടുംബശ്രീ സംഘങ്ങളുമാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നത്. ജില്ലയിൽ വലിയ പറമ്പ പഞ്ചായത്തിലെ ഇടയിലെക്കാട്, തെക്കെക്കാട്, മാടക്കാൽ കൂടാതെ പടന്ന, ഓരി, വെള്ളാപ്പ്, ആയിറ്റി ഭാഗങ്ങളിലാണ് കൂടുതൽ കർഷകരും കൃഷി ഇറക്കിയിട്ടുള്ളത്.

അമിതമായ ചൂട് കാരണം കൃഷി നശിച്ച നിരവധി അനുഭവങ്ങൾ മുന്നിലുള്ളതു കൊണ്ട് കർഷകർ വിളവെടുപ്പ് ത്വരിതപെ പടുത്തുകയാണ്. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ മുതലിന്റെ ഇരട്ടിയെങ്കിലും ലാഭമുണ്ടാക്കാമെന്നതാണ് കല്ലുമ്മക്കായ കർഷകർക്ക് ഗുണമാകുന്ന ഘടകം. അതോടൊപ്പം വിത്തിന് കൂടുതൽ വില നൽകേണ്ടതും വിളക്ക് മതിയായ വില കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഫിഷറീസ് വകുപ്പ് പോലുള്ള സർക്കാർ ഏജൻസികൾ കർഷകരുമായി നേരിട്ട് ഇടപെട്ട് വിത്ത് വിതരണവും വിള ശേഖരണവും ഏറ്റെടുത്താൽ ഒരു പരിധി വരെ അത് വിദേശീയരടക്കമുള്ളവർക്ക് പ്രിയംകരമായ ഈ ഭക്ഷ്യ വസ്തുവിന് മികച്ച വില ലഭിക്കും.

വിപണിയിൽ ചൂഷണവും

കഴിഞ്ഞ വർഷം 28,000 രൂപ വരെ ക്വിന്റലിന് ലഭിച്ച കല്ലുമ്മക്കായക്ക് ഇത്തവണ ഇടനിലക്കാർ 17,000 മുതൽ 20,000 രൂപ വരെ മാത്രമാണ് നൽകുന്നത്. കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഇടനിലക്കാർ വലിയപറമ്പിലെത്തി കാലാവസ്ഥയുടെ പേരുപറഞ്ഞ് കർഷകരെ സമ്മർദത്തിലാക്കി ചുളുവിലക്ക് കല്ലുമ്മക്കായ ശേഖരിക്കുന്നതായി ആക്ഷേപമുണ്ട്. ബാങ്കുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമൊക്കെ വായ്പയെടുത്താണ് കർഷകർ കായൽ കൃഷി നടത്തുന്നത്.

ക്വന്റലിന് മുൻ വർഷം ലഭിച്ചത് ₹28000

ഇപ്പോൾ നൽകുന്നത് പരമാവധി₹ 20000