ആറളം ഫാമിൽ ആനമതിൽ നിർമ്മാണത്തിന് 53 കോടി

Monday 20 March 2023 10:10 PM IST

ഇരിട്ടി: ആറളം ഫാമിൽ വന്യജീവി സങ്കേതം അതിർത്തിയിൽ ആന മതിൽ നിർമ്മിക്കാൻ 22 കോടിക്ക് ഭരണാനുമതി. തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ. ഷംസീർ വിളിച്ചുചേർത്ത ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, വനംവന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ, സണ്ണി ജോസഫ് എം.എൽ.എ, ചീഫ് വൈൽഡ് ലൈഫ് വാർഡൻമാരായ ബെന്നിച്ചൻ തോമസ്, ഗംഗ സിംഗ്, വനം വകുപ്പുിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആന പ്രതിരോധ മതിൽ പണിയുന്നതുമായി ബന്ധപ്പെട്ട് 53.23,കോടിയിൽ 22 കോടിക്കാണ് ഭരണാനുമതി ലഭിച്ചത്. ബാക്കി തുക അനുവദിക്കുന്നതിനായി ചൊവ്വാഴ്ച തന്നെ സ്‌പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ചേരുന്നതിനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പുമന്ത്രി യോഗത്തെ അറിയിച്ചു. കേരളത്തിലെ ആകെ വന്യമൃഗ ആക്രമണത്തിന്റെ ഭാഗമായുള്ള നഷ്ട പരിഹാരത്തിനായി 19 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചത്തെ യോഗത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച തന്നെ സ്‌പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് ചേരണമെന്നും നഷ്ടപരിഹാരമായി അനുവദിച്ച തുകയിൽ നഷ്ടപരിഹാരം നൽകുന്നതിനുപുറമേ താൽക്കാലിക ജീവനക്കാരുടെ ശമ്പളം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും കാട്ടാന ആക്രമണത്തിൽ മരിച്ച രഘുവിന്റെ മകളുടെ പഠനം ട്രൈബൽ വകുപ്പ് ഏറ്റെടുക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. ആറളം മേഖലയിൽ ഭാവിയിൽ വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് ഊർജ്ജിത നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പുമന്ത്രി അറിയിച്ചു.

വകുപ്പുകളുടെ യോഗം ഈ സമ്മേളനകാലയളവിൽ

ആനപ്രതിരോധ മതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം സഭാ സമ്മേളനക്കാലയളവിൽ തന്നെ വിളിച്ചുചേർക്കുമെന്ന് സ്പീക്കർ അറിയിച്ചു. ബ്ലോക്ക് പത്തിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട കണ്ണാ രഘുവിന്റെ വീട് സന്ദർശിച്ചിരുന്നതായും ഭാവിയിൽ വന്യജീവി ആക്രമണത്തിൽ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾക്കായി വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനമുണ്ടാകണമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായും സ്പീക്കർ അറിയിച്ചു.

Advertisement
Advertisement