തൊഴിലില്ലാത്ത യുവജനതയ്ക്ക് മാസം 3000 രൂപ വീതം, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വൻ വാഗ്ദാനവുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിൽ
Monday 20 March 2023 10:27 PM IST
ബംഗളുരു: കർണാടകയിൽ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ നൽകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്. ഇതുൾപ്പെടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കർണാടകയിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോൺഗ്രസ്. തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1500 രൂപ വീതം നൽകും, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.
യുവനിധി എന്ന പേരിലാണ് തൊഴിൽരഹിതരായ യുവാക്കൾക്ക് സഹായധനം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉടൻതന്നെ പദ്ധതി പ്രാവർത്തികമാക്കും. കർണാടകയിലെ ബെലഗാവിയിൽ നടന്ന ചടങ്ങിലാണ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് പദ്ധതി പ്രഖ്യാപിച്ചത്. കർണാടകയിൽ മേയ് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.