സദാചാര ഗുണ്ടകളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവം; പ്രതികളെ ഉത്തരാഖണ്ഡിൽ നിന്ന് തൃശ്ശൂരെത്തിച്ചു

Monday 20 March 2023 11:06 PM IST

തൃശ്ശൂർ: സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് വിധേയനായി സ്വകാര്യ ബസ് ഡ്രൈവറായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പിടിയിലായ നാല് പ്രതികളെ നാട്ടിലെത്തിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹറിന്റെ (32) മരണത്തിന് ശേഷം ഒളിവിലായിരുന്ന ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിര‌ഞ്ജൻ, സുഹൈൽ എന്നിവരെയാണ് ഉത്തരാഖണ്ഡിൽ നിന്ന് തൃശ്ശൂരിലെത്തിച്ചത്. ഇവരെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ബന്ധുക്കളെ വാട്ട്സാപ്പ് കാൾ വഴി ബന്ധപ്പെട്ടത് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ച് ലൊക്കേഷൻ തിരിച്ചറിഞ്ഞായിരുന്നു പ്രതികളെ പിടികൂടിയത്.

മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തിരിച്ചറിഞ്ഞ് സഹറിന്റെ മരണ ശേഷം പത്ത് പേ‌ർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ പ്രതികളെല്ലാം അപ്പോഴേയ്ക്കും ഒളിവിൽ പോവുകയും ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനിടയിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരെ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ പോയ നാല് പേരെ ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടിയത്. വിദേശത്തേയ്ക്ക് കടന്ന മുഖ്യപ്രതിയായ രാഹുൽ അടക്കം വിജിത്ത്, വിഷ്ണു, ഡിനോൺ, അഭിലാഷ്, ജിഞ്ചു എന്നീ പ്രതികളെ ഇനിയും പിടികൂടാൻ പൊലീസിനായിട്ടില്ല. രാഹുലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം.

അതേസമയം ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു. ആന്തരികാവയവങ്ങൾക്കടക്കം ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ചികിത്സയിൽ തുടരവേ മാർച്ച് ഏഴിനായിരുന്നു മരണം സംഭവിച്ചത്.

Advertisement
Advertisement