അമലിന്റെ മരണം: മർദ്ദനമേറ്റ തെളിവില്ലെന്ന് പൊലീസ്

Tuesday 21 March 2023 1:36 AM IST

വാടാനപ്പിള്ളി: സി.പി.എം നേതാവിന്റെ മർദ്ദനമേറ്റ് വനിതാ നേതാവിന്റെ മകൻ മരിച്ചെന്ന പരാതിയിൽ മരണം മർദ്ദനം മൂലമാണെന്നതിന് ഇതുവരെ തെളിവൊന്നുമില്ലെന്ന് പൊലീസ്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം കെ.ബി.സുധയുടെ മകൻ അമൽ കൃഷ്ണയുടെ (31) മരണത്തെ ചൊല്ലിയാണ് പരാതി. പോസ്റ്റ് മോർട്ടം പ്രാഥമിക പരിശോധനയിൽ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കാറുള്ള ഇയാൾക്ക് മരുന്നിൽ നിന്നും വിഷബാധ ഉണ്ടായിട്ടുണ്ടോയെന്നറിയാൻ ശരീര കോശങ്ങൾ മെഡിക്കൽ കോളേജ് പാത്തോളജി ലാബിലേക്കു നൽകിയതായി വാടാനപ്പിള്ളി പൊലീസ് ഇൻസ്‌പെക്ടർ എം.എ.എസ്. സാബുജി പറഞ്ഞു. മരണ കാരണം വ്യക്തമായി അറിയാൻ ആന്തരികാവയവങ്ങൾ കാക്കനാട് ഫോറൻസിക് ലാബിലേക്ക് അയയ്ക്കുന്നുണ്ട്. പരിശോധനാ ഫലം ലഭിക്കുന്നതിലൂടെയേ ദുരൂഹത അഴിയൂ.

അതേസമയം അമൽ കൃഷ്ണയുടെ മരണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന മർദ്ദനം മൂലമാണെന്ന് ആരോപിച്ച് ഇയാളുടെ അമ്മയുടെ സഹോദരി പൊലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രിയാണ് കെ.ബി.സുധയുടെയും മേത്തല പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ ഉണ്ണിക്കൃഷ്ണന്റെയും ഏക മകൻ അമൽ കൃഷ്ണ (31) മരിച്ചത്. ഫെബ്രുവരി ഒന്നിന് രാവിലെ ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സംഘർഷത്തിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. അന്ന് അമൽ കൃഷ്ണയുടെ മൂക്കിന്റെ എല്ല് പൊട്ടിയിരുന്നുവെങ്കിലും ഇന്നലെ പോസ്റ്റ് മോർട്ടത്തിൽ അതിന്റെ പാട് പോലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം പാമ്പാടി ഐവർ മഠത്തിൽ സംസ്‌കരിച്ചു.