പച്ചപ്പുല്ലിനെ കരിച്ച ചൂടിൽ പൊട്ടിച്ചിരിച്ച് വൈക്കോൽ!

Tuesday 21 March 2023 12:52 AM IST
t

ക്ഷീര കർഷകർക്ക് ആശ്വാസമായി കുട്ടനാ‌ടൻ വൈക്കോൽ

ആലപ്പുഴ: വേനൽ കടുത്തതും പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും കൊയ്ത്തുകഴിഞ്ഞ കുട്ടനാടൻ പാടങ്ങളിലെ വൈക്കോലിന് പ്രിയമേറ്റുന്നു. വേനൽ ചൂടിൽ നല്ല വൈക്കോൽ ലഭിക്കുന്നുണ്ടെന്നതും ക്ഷീരകർഷകർക്ക് ആശ്വാസമേകുന്നുണ്ട്.

കാലംതെറ്റിയെത്തിയ മഴയെ തുടർന്ന് പുഞ്ച സീസണിൽ കുട്ടനാട്ടിൽ നിന്ന് കർഷകർക്ക് വേണ്ടത്ര വൈക്കോൽ ശേഖരിക്കാനായില്ല. വേനൽ കനത്തതോടെ പച്ചപ്പുല്ലും കിട്ടാതായി. മുൻ വർഷങ്ങളിൽ പാലക്കാട്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ വൈക്കോൽ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ കുട്ടനാട്ടിൽ നിന്ന് വൈക്കോൽ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് കർഷകർക്ക് ആശ്വാസകരമാണ്. കുട്ടനാടൻ വൈക്കോലാണ് ജില്ലയിലെയും സമീപ ജില്ലകളിലെയും ക്ഷീരകർഷകർ ആശ്രയിക്കുന്നത്. എന്നാൽ തണ്ട് നീളം ഒഴിവാക്കി യന്ത്രസഹായത്താൽ കൊയ്യുന്നതിനാൽ ചെറിയ ഈർപ്പം തട്ടിയാൽ പോലും കച്ചി പൊടിഞ്ഞ് ഉപയോഗ ശൂന്യമാകുമെന്നത് കുട്ടനാടൻ വൈക്കോലിന് വെല്ലുവിളിയാണ്.

കേടാകാതെ തമിഴൻ വൈക്കോൽ

ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് തമിഴ്‌നാട്ടിൽ നിന്നുള്ള തിരിക്കച്ചിയുടെ മേന്മ. കച്ചിക്ക് നല്ല ഉണക്കും നീളവുമുണ്ട്. മൂന്ന് കിലോ തൂക്കമുള്ള ചെറു കെട്ടുകളായാണ് വൈക്കോൽ എത്തുന്നത്. കച്ചി ഉണക്കി തുറുവാക്കുമ്പോൾ ഒന്നരവർഷം വരെ കേടുകൂടാതെ ഉപയോഗിക്കാനാകും.

.................

കുട്ടനാടൻ വൈക്കോൽ 20 കിലോ കെട്ട്: 300 രൂപ

30 കിലോ കെട്ട്: 400

.........................

കെട്ടുകൂലി (യന്ത്രത്തിൽ)

20 കിലോ കെട്ട്: 60രൂപ

30 കിലോ കെട്ട്: 70രൂപ

.................

ഒരേക്കറിൽ നിന്ന് ലഭിക്കുന്നത്: 40 കെട്ട് (20 കിലോ വീതം)

കർഷകന് നൽകേണ്ടത് (ഏക്കറിന്): 750 രൂപ

പച്ചപ്പുല്ല് ലഭ്യതക്കുറവാണ് കുട്ടനാട്ടിലെ വൈക്കോലിന് പ്രിയമേറാൻ കാരണം

സജിത്ത്, ക്ഷീരകർഷകൻ, തോട്ടപ്പള്ളി