മെഡിക്കൽ കോളേജിൽ ലീനിയർ, റേഡിയൽ ഇബസുകൾക്ക് 1.10 കോടി; ശ്വാസകോശ കാൻസർ നേരത്തെ കണ്ടെത്താം

Tuesday 21 March 2023 2:53 AM IST

തിരുവനന്തപുരം : ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (ലീനിയർ ഇബസ്),റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (റേഡിയൽ ഇബസ്) മെഷീനുകൾ സ്ഥാപിക്കും. ഇതിനായി 1,09,92,658 രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്. ആർ.സി.സിയിലെ രോഗികൾക്കും ഇത് സഹായകരമാകും. ഇതോടെ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ ഈ സംവിധാനം സജ്ജമാകുന്ന രണ്ടാമത്തെ കേന്ദ്രമാണിത്.

ശ്വാസനാള പരിധിയിലുള്ള കാൻസർ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളാണ് ലീനിയർ ഇബസും റേഡിയൽ ഇബസും. റേഡിയൽ ഇബസ് മെഷീനിലൂടെ ഒരു സെന്റീമിറ്റർ വലിപ്പമുള്ള ശ്വാസകോശ കാൻസർ പോലും കണ്ടെത്താനാകും. തൊണ്ടയിലെ കാൻസർ ശ്വാസനാളത്തിൽ പടർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനുമാകും.

കാൻസറിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കുന്നതിലൂടെ ഓപ്പറേഷൻ വേണോ കീമോതെറാപ്പി വേണോ എന്ന് തീരുമാനിക്കാൻ ഈ യന്ത്രങ്ങൾ സഹായിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യമാകുന്നതോടെ പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമാകും.

Advertisement
Advertisement