പുരസ്‌കാര നേട്ടത്തിൽ ആരോഗ്യ കേന്ദ്രങ്ങൾ

Tuesday 21 March 2023 12:55 AM IST
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ

ആലപ്പുഴ: ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2022-23 വർഷത്തെ സംസ്ഥാന കായകല്പ പുരസ്‌കാരത്തിന് ആലപ്പുഴ നഗരസഭയുടെ കീഴിലെ നെഹ്റുട്രോഫി, മുല്ലാത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അർഹമായി.

അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് നൽകിയ അവാർഡിൽ 80.18 ശതമാനം മാർക്കോടെ നെഹ്റുട്രോഫി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മൂന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയുടെ കമൻഡേഷൻ പുരസ്‌കാരമാണ് ലഭിക്കുക.

നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ സംസ്ഥാനത്തെ 11 ആശുപത്രികളുടെ പട്ടികയിൽ, ആലപ്പുഴ മുല്ലാത്ത് വളപ്പ് അർബൻ പി.എച്ച്.സി 79.78 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. 50,000 രൂപയാണ് സമ്മാനത്തുക.

സംസ്ഥാന കായകല്പ പുരസ്‌കാരത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കടപ്പുറം വനിതാ ശിശു ആശുപത്രി തുടർച്ചയായി അഞ്ചാം തവണയും പുരസ്‌കാരം നേടി . 79.57 ശതമാനം മാർക്കോടെ സംസ്ഥാനത്തെ 11 ആശുപത്രികളിൽ രണ്ടാം സ്ഥാനത്തോടെ 3 ലക്ഷം രൂപയുടെ കമൻഡേഷൻ പുരസ്‌കാരമാണ് കരസ്ഥമാക്കിയത്.

ആരോഗ്യ മന്ത്രി വീണാ ജോർജ്ജാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നെഹ്‌റു ട്രോഫി, മുല്ലാത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അഭിനന്ദിച്ചു.