സദാചാര കൊല: മുൻകൂർ ജാമ്യാപേക്ഷ തള്ളി
തൃശൂർ: സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുറുമ്പിലാവ് നെല്ലിപ്പറമ്പിൽ രാഹുൽ, കറുപ്പം വീട്ടിൽ അമീർ, മച്ചിങ്ങൽ അഭിലാഷ്, മച്ചിങ്ങൽ ഡിനൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ഉത്തരവായി. 2023 ഫെബ്രുവരി 18ന് രാത്രി പത്തോടെ ചിറക്കൽ കോട്ടത്തുള്ള തിരുവാണിക്കാവ് അമ്പലത്തിനടുത്തുള്ള റോഡിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യബസ് ഡ്രൈവറായി ജോലി ചെയ്യുന്ന കുറുമ്പിലാവ് കോട്ടം ദേശത്ത് മമ്മസ്രായില്ലത്ത് വീട്ടിൽ ഷംസുദ്ദീൻ മകൻ സഹർ (33) ആണ് കൊല്ലപ്പെട്ടത്. സംഭവദിവസം വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്നും വരികയായിരുന്ന സഹറിനെ പ്രതികൾ സംഘം ചേർന്ന് തടഞ്ഞ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. അമ്പലത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽപോയ പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.