റോഡിൽ വീണു, കാട്ടാന കവച്ചുവച്ചു കടന്നുപോയി; വൈദ്യുതി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tuesday 21 March 2023 12:08 AM IST

ചാലക്കുടി: രാത്രി ജോലിക്ക് ബൈക്കിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങൽക്കുത്ത് വൈദ്യുതി ഓഫീസിലെ ഓവർസീയർ കൊടകര വല്ലപ്പാടി കിഴക്കിനേടത്ത് മനയിൽ കെ.എസ്. സന്തോഷ് കുമാറിന്റെ(54) നേരയാണ് വാഴച്ചാൽ ഇരുമ്പുപാലത്തിനടുത്തു വച്ച് ഒറ്റയാൻ ഓടിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

പാലം കഴിഞ്ഞുള്ള വളവിൽ ആന നിൽക്കുന്നതു കണ്ട സന്തോഷ്‌കുമാർ ബൈക്കിൽ നിന്നും ഇറങ്ങി. ഇതിനിടയിൽ കൊമ്പൻ പാഞ്ഞുവന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ഇയാൾ താഴെവീണു. ചിന്നം വിളിച്ചെത്തിയ ആന, പക്ഷെ, സന്തോഷ്‌കുമാറിനെ കവച്ചുവച്ച് കാട്ടിലേയ്ക്ക് കയറിപ്പോയി. റോഡിൽ കിടന്ന സന്തോഷ്‌കുമാറിനെ പിന്നീട് ഇതുവഴി ബൈക്കിലെത്തിയ മറ്റൊരാൾ കണ്ണംകുഴിയിലെ ഫോറസ്റ്റ് ഓഫീസിലെത്തിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. തലനാരിഴയ്്ക്ക് ജീവൻ രക്ഷപ്പെട്ട സന്തോഷിന് കാര്യമായി പരിക്കുണ്ടായിരുന്നില്ല. പിന്നീട് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.