ബുള്ളറ്റ് ട്രെയിനിന് ജപ്പാൻ വായ്പ; നാലാം ഗഡുവിന് കരാർ
Tuesday 21 March 2023 12:57 AM IST
ന്യൂഡൽഹി: മുംബയ്-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൻ പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ (ജെ.ഐ.സി.എ) നിന്നുള്ള നാലാം ഗഡു സഹായത്തിനുള്ള കരാറിൽ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. 508 കിലോമീറ്റർ റൂട്ടിൽ മണിക്കൂറിൽ 350 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026ഓടെ സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
1,10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 88,000 കോടി രൂപയാണ് ജപ്പാൻ വായ്പയായി നൽകുന്നത്. 0.1ശതമാനം പലിശയിൽ 50 വർഷത്തെ തിരിച്ചടവ് കാലാവധിയോടെയാണ് വായ്‌പ.
ഇന്ത്യ സന്ദർശിക്കുന്ന ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ ഭാഗമായാണ് ഇന്നലെ കരാർ ഒപ്പിട്ടത്. ഇന്ത്യയിൽ ജപ്പാൻ ഭാഷാ പഠനം പ്രോത‌്‌സാഹിപ്പിക്കാനുള്ള സഹകരണ പദ്ധതിക്കുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.