ലിവിംഗ് ടുഗെതറി​ൽ രജിസ്ട്രേഷൻ: ഓടിച്ച് സുപ്രീംകോടതി

Tuesday 21 March 2023 1:09 AM IST

ന്യൂ ഡൽഹി : ലിവിംഗ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്രർ ചെയ്യണമെന്നും, അതിനാവശ്യമായ ചട്ടങ്ങളും മാർഗനിർദേശങ്ങളും തയാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നുമുളള പൊതുതാൽപര്യഹർജി വിമർശനത്തോടെ സുപ്രീംകോടതി തളളി.

അസംബന്ധമായ ഹർജിയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. എന്തിനും സുപ്രീംകോടതിയിലേക്ക് വരികയാണോ എന്നാരാഞ്ഞ മൂന്നംഗ ബെഞ്ച്,​ ഇതുപോലുളള ഹർജികളിൽ പിഴയീടാക്കുന്നത് ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. ലിവിംഗ് ടുഗെതർ ബന്ധങ്ങളിൽ കേന്ദ്രസർക്കാരിന് എന്താണ് ചെയ്യാനുളളതെന്നും കോടതി ആരാഞ്ഞു. ഇത്തരം ബന്ധങ്ങൾ തടയാനാണോ അതോ പങ്കാളികളുടെ സുരക്ഷയ്‌ക്കാണോ ഹർജിയെന്നും കോടതി ആശ്ചര്യപ്പെട്ടു.

ലിവിംഗ് ടുഗെതർ പങ്കാളികൾ തമ്മിൽ പരസ്‌പരം അക്രമിക്കുന്നതും, കൊലപാതകം അടക്കം കാര്യങ്ങൾ നടക്കുന്നതും ചൂണ്ടിക്കാട്ടി അഡ്വ. മംമ്ത റാണിയാണ് കോടതിയെ സമീപിച്ചത്. ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകമാണ് ഉദാഹരണമായി പറഞ്ഞത്. ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പലതായി മുറിച്ച് മാറ്റിയ ശേഷം ‌ഡൽഹിയിലെ വിവിധയിടങ്ങളിൽ തള്ളിയ സംഭവത്തിൽ ആൺസുഹൃത്ത് ആഫ്‌താബ് പൂനാവാല അറസ്റ്റിലായിരുന്നു. ലിവിംഗ് ടുഗെതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിച്ചാൽ പങ്കാളികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സർക്കാരിന് മാത്രമല്ല പങ്കാളികൾക്ക് തന്നെയും ലഭ്യമാകുമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

Advertisement
Advertisement