തെലങ്കാന ഗവർണർ-സർക്കാർ പോര്; ഗവർണർക്ക് സുപ്രീംകോടതി നോട്ടീസില്ല

Tuesday 21 March 2023 1:12 AM IST

ന്യൂ ഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ തെലങ്കാന ഗവർണർ തമിളിസൈ സൗന്ദരരാജന് നിർദ്ദേശം നൽകണമെന്ന തെലങ്കാന സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് കേൾക്കും. ഗവർണർക്ക് നോട്ടീസ് അയക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗവർണറുടെ സെക്രട്ടറിക്ക് നോട്ടീസ് അയക്കണമെന്ന തെലങ്കാന സർക്കാരിന്റെ ആവശ്യവും പരിഗണിച്ചില്ല.

ഗവർണർ ഭരണഘടനാപദവിയാണെന്നും ബില്ലുകളിൽ ഗവർണർ നിലപാടെടുക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാമെന്ന് കോടതി വ്യക്തമാക്കിയെങ്കിലും സോളിസിറ്റർ ജനറൽ നേരിട്ട് ഹാജരായ സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കി. നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയ സുപ്രീംകോടതി, വിഷയം അടുത്ത തിങ്കളാഴ്‌ച പരിഗണിക്കാൻ തീരുമാനിച്ചു.

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവർണർ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് തെലങ്കാന സർക്കാരിന്റെ ആരോപണം. പത്തിൽപ്പരം ബില്ലുകളാണ് ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്.