അരിക്കൊമ്പന് 'റേഷൻ കട' കെണി...

Tuesday 21 March 2023 1:48 AM IST

ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതി പടർത്തുന്ന അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള കുങ്കിയാനകളിലൊന്ന് ഇന്ന് ചിന്നക്കനാലിലെത്തി. ആനയെ പിടികൂടാനായി സിമന്റ് പാലത്തിന് സമീപം താല്‍കാലിക റേഷൻ കടയുടെ കെണിയൊരുക്കിയിരിക്കുകയാണ് വനം വകുപ്പ്. സാഹചര്യങ്ങൾ അനുകൂലമായാൽ 23ന് അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കും. അരിക്കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കുന്നതിനുള്ള കൂടിന്റെ നിർമ്മാണം കോടനാട് പൂർത്തിയായതിനെ തുടർന്നാണ് വിക്രമെന്ന കുങ്കിയാനയെ വയനാട് മുത്തങ്ങയിൽ നിന്ന് ചിന്നക്കനാലിലെത്തിച്ചത്. അരിക്കൊമ്പനെ പിടികൂടുന്നതിനായി ആകെ നാല് കുങ്കിയാനകളെയാണ് കൊണ്ടുവരുന്നത്. വരും ദിവസങ്ങളിൽ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങയിൽ നിന്ന് കൊണ്ടുവരും. ഇതിന് പിന്നാലെ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജന്‍ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 26 അംഗ ദൗത്യസംഘം ഇടുക്കിയിലെത്തും. 21ന് ചേരുന്ന വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനുള്ള അന്തിമ തീയതി തീരുമാനിക്കുക

Advertisement
Advertisement