കളമൊരുങ്ങും മുൻപേ ഡയലോഗ് പൂരം

Tuesday 21 March 2023 3:35 AM IST

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുവർഷം അകലെയാണെങ്കിലും ജയം ഉറപ്പാക്കിയുള്ള അവകാശവാദങ്ങളും വാദപ്രതിവാദങ്ങളും കേരളത്തിൽ ആദ്യം അലയടിച്ചത് തൃശൂരിലാണ്. തേക്കിൻകാട് മൈതാനത്തിൽ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനം, തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണെന്ന വിലയിരുത്തലുണ്ട്. അമിത് ഷാ പങ്കെടുത്ത വേദിയിൽ സുരേഷ് ഗോപി ആയിരങ്ങളെ ആവേശത്തിലാഴ്ത്തി ഇരുപത് മിനിറ്റോളം പ്രസംഗിച്ചതിനുപിന്നാലെ വാദപ്രതിവാദങ്ങളും ട്രോളുകളും കൊഴുത്തു. തൃശൂരിൽ 365 ദിവസവും പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതിന്റെ മറുപടിയായിരുന്നു സുരേഷ്ഗോപി കൊടുത്തത്. തൊട്ടുപിന്നാലെ എം.വി ഗോവിന്ദനും എം.സ്വരാജുമെല്ലാം മറുപടികളുമായി തിരിച്ചടിച്ചു.
' 2024ൽ ഇവിടെ സ്ഥാനാർത്ഥിയാണെങ്കിൽ, ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശൂരിനെ ഇങ്ങെടുക്കും. ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ്, തൃശൂരിനെ നിങ്ങളെനിക്ക് തരണം. കേരള ജനതയെ അത്രമാത്രം ദ്രോഹിച്ച സി.പി.എമ്മിന്റെ അടിത്തറയിളക്കാൻ കണ്ണൂരിൽ മത്സരിക്കാനും തയ്യാറാണ്. ജയമല്ല പ്രധാനം. രണ്ട് നേതാക്കന്മാർ മാത്രമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിനവകാശമില്ല...' കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ജനശക്തി റാലിയിൽ സുരേഷ് ഗോപിയുടെ ഡയലോഗുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ കറങ്ങുകയാണിപ്പോഴും. സുരേഷ്ഗോപിയുടെ കാരുണ്യ പ്രവർത്തനത്തെക്കുറിച്ചും എം.വി.ഗോവിന്ദന്റെ ആരോപണങ്ങളുയർന്നപ്പോൾ, അതിനും ബി.ജെ.പിയുടെ വേദികളിൽ അദ്ദേഹം മറുപടി നൽകി. തിരഞ്ഞെടുപ്പിന് നേരത്തെ കളമൊരുക്കിയെന്ന് അവകാശപ്പെട്ട് ബി.ജെ.പി നടത്തിയ പൊതുസമ്മേളനം അവരുടെ രാഷ്ട്രീയത്തിന്റെ നിലവാരത്തകർച്ചയെയാണ് തുറന്നുകാണിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസും തുറന്നടിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ തൃശൂരിനെ എടുക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മുൻപത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ആവർത്തിച്ച് പറഞ്ഞത് നമ്മൾ കേട്ടതാണെന്നും രാഷ്ട്രീയത്തിലെ നിലവാരമില്ലാത്തതും അന്തസില്ലാത്തതുമായ പരാമർശമാണ് ആ വേദിയിൽ കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടിമുട്ടൽ

റെയിൽപ്പാളത്തിലും

ബി.ജെ.പിയും സി.പി.എമ്മും ഏറ്റുമുട്ടുമ്പോൾ കോൺഗ്രസ് നിശബ്ദമായിരുന്നെങ്കിലും അത് അധികം നീണ്ടില്ല. തൃശൂരിൽത്തന്നെ പൊട്ടലും പൊട്ടിത്തെറിക്കലുമുണ്ടായി. തൃശൂർ റെയിൽവേസ്റ്റേഷൻ വികസനത്തിലാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവകാശവാദങ്ങൾ നിരത്ത് അങ്കം കുറിച്ചത്. റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാനും ബി.ജെ.പി. നേതാവുമായ പി.കെ. കൃഷ്ണദാസ് സ്റ്റേഷൻ സന്ദർശിച്ച ശേഷം തൃശൂർ റെയിൽവേ സ്‌റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് നടത്തിയ പ്രഖ്യാപനമാണ് വിവാദത്തിലായത്. പി.കെ. കൃഷ്ണദാസിന്റെ സന്ദർശനത്തിനും പ്രഖ്യാപനത്തിനുമെതിരെ ടി.എൻ. പ്രതാപൻ എം.പി രംഗത്തുവന്നു. കൃഷ്ണദാസിന്റെ അവകാശവാദം രാഷ്ട്രീയ മുതലെടുപ്പിനുള്ള അൽപ്പത്തരമാണെന്നായിരുന്നു എം.പിയുടെ ആരോപണം. കൃഷ്ണദാസ് പ്രഖ്യാപിച്ചെന്ന് പറയുന്ന പദ്ധതികൾ നേരത്തേ പ്രഖ്യാപിച്ചതും നടപടി ക്രമങ്ങൾ നടന്നുവരുന്നതുമാണെന്ന് ടി.എൻ. പ്രതാപൻ തുറന്നടിച്ചു. പാർലമെന്റിലും എം.പിമാരുടെ റെയിൽവേ വികസനം സംബന്ധിച്ച യോഗങ്ങളിലും നിരന്തരം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ തൃശൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ റെയിൽവേ ബോർഡ് നേരത്തേ തീരുമാനമെടുത്തിരുന്നെന്നും പദ്ധതി രൂപരേഖയാവുകയും റെയിൽവെ ബോർഡ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം പാസാക്കിയതും റെയിൽവേ മന്ത്രി എം.പിമാർക്ക് ഉറപ്പു നൽകിയതാണെന്നും ടി.എൻ. പ്രതാപൻ എം.പി പറയുന്നു. എന്നാൽ 300 കോടിരൂപ ചെലവിൽ വിമാനത്താവളങ്ങളുടെ മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാനുള്ള തീരുമാനമായിട്ടുണ്ടെന്നും വിശദമായ പദ്ധതിരേഖ ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണക്കരാർ നൽകി പ്രവൃത്തികൾ ആരംഭിക്കുമെന്നും 2025ൽ നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നുമായിരുന്നു പി.കെ. കൃഷ്ണദാസ് പറഞ്ഞത്. എം.പിയെന്ന നിലയിൽ ടി.എൻ. പ്രതാപൻ ഒന്നും ചെയ്യുന്നില്ലെന്ന് രാഷ്ടീയലക്ഷ്യത്തോടെ വരുത്തിത്തീർക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്നും ആരോപണമുയർന്നിട്ടുണ്ട്. ചുരുക്കത്തിൽ ഡയലോഗുകളിലും വാദപ്രതിവാദങ്ങളിലും ചുറ്റിത്തിരിയുകയായിരുന്നു മൂന്ന് പാർട്ടികളുടേയും നേതാക്കൾ.

ശക്തനിൽ പിടിച്ച്...


അമിത് ഷായുടെ തൃശൂർ സന്ദർശനത്തിന് ശേഷം പ്രകാശ് ജാവ്‌ദേക്കറുടെ എം.പി ഫണ്ടിൽ നിന്ന് ശക്തൻ പ്രതിമയ്ക്ക് 50 ലക്ഷം അനുവദിച്ചതായിരുന്നു ബി.ജെ.പിയുടെ മറ്റൊരു പ്രധാനനീക്കം. അമിത്ഷാ ശക്തന്റെ കുടീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചതും ചർച്ചയായി.

ബി.ജെ.പി നേതാക്കൾ മുൻകൈയെടുത്താണ് ശക്തൻ സ്റ്റാൻഡിൽ ശക്തന്റെ പ്രതിമ സ്ഥാപിച്ചത്. അന്നത്തെ എം.പി പി.സി. ചാക്കോയുടെ സഹായം ഉണ്ടായിരുന്നെങ്കിലും പ്രതിമ സ്ഥാപിച്ചതിന്റെ ക്രെഡിറ്റ് ബി.ജെ.പിക്കായിരുന്നു. ശക്തൻ മത്സ്യ മാർക്കറ്റ് വികസനത്തിന് മുൻ എം.പി സുരേഷ് ഗോപിയുടെ ഫണ്ടിൽ നിന്നാണ് ഒരു കോടി രൂപ അനുവദിച്ചത്.
അതേസമയം, കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ എത്തിച്ചിട്ടും ജനങ്ങളിൽ എത്തിക്കുന്നതിൽ ഇടപെടൽ നടത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസത്തെ നേതൃയോഗത്തിൽ അമിത് ഷാ തുറന്നടിച്ചിരുന്നു. ഇഷ്ടക്കാരാണെന്ന് കരുതി,​ പ്രവർത്തിക്കാത്തവരെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ജയിക്കാൻ സാധിക്കാത്ത മണ്ഡലങ്ങളുടെ മേൽനോട്ടം പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും പാർട്ടി അദ്ധ്യക്ഷൻ ജെ.പി. നദ്ദക്കുമാണെന്നാണ് വിവരം. ഇതിൽ തൃശൂരിൽ അമിത് ഷായ്ക്ക് സവിശേഷശ്രദ്ധയുണ്ടെന്നും പറയുന്നു. എന്നാൽ, ശക്തൻ ബി.ജെ.പിയുടെ സ്വന്തമല്ലെന്ന് മനസിലാക്കണമെന്നായിരുന്നു സി.പി.എം. മറുപടി നൽകിയത്. ശക്തന്റെ വികസനപ്രവർത്തനങ്ങളാണ് തൃശൂരിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ബി.ജെ.പി. പ്രചരിപ്പിക്കുന്നത്.

സ്ഥാനാർത്ഥിയെന്ന നിലയിൽ സുരേഷ് ഗോപി ഇതിനകം പ്രചാരണം ആരംഭിച്ചു കഴിഞ്ഞതായും ചിലർ വിലയിരുത്തുന്നു. തൃശൂരിലെ സ്ഥാനാർത്ഥിത്വം സുരേഷ് ഗോപി ഉറപ്പിച്ചെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വം ഒന്നുമല്ലെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ സമീപനം നേതാക്കളിൽ അതൃപ്തിയുണ്ടാക്കിയിട്ടുമുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ ഇഷ്ടക്കാരനെന്ന നിലയിൽ അമർഷം ഉള്ളിലൊതുക്കുകയാണ് സംസ്ഥാന നേതാക്കൾ. സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വരുംദിവസങ്ങളിലും അദ്ദേഹം തൃശൂരിൽ സജീവമായേക്കും. അതിനിടെ പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ് തലവേദനയാകുന്നത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായ മിന്നും ജയത്തിന്റെ കരുത്താണ് ഇടതിനുള്ളത്. ഗ്രൂപ്പ് പ്രശ്നങ്ങൾ മുൻകാലങ്ങളെപ്പോലെയില്ലെന്ന ആശ്വാസം കോൺഗ്രസിനുമുണ്ട്.

Advertisement
Advertisement