ഇവിടെ എല്ലാവരും ഹാപ്പി ഹാപ്പി !
ഹെൽസിങ്കി : ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യമായി തുടർച്ചയായ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ട് യൂറോപ്യൻ രാജ്യമായ ഫിൻലൻഡ്. യു.എൻ സ്പോൺസർഷിപ്പിൽ നടത്തിയ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. അഫ്ഗാൻ ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ ( 137 ). ലെബനനാണ് അഫ്ഗാനിസ്ഥാന് തൊട്ടുമുമ്പുള്ളത്. നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയ്ക്ക് പിന്നിൽ 126 ാം സ്ഥാനത്താണ് ഇന്ത്യ. ഡെൻമാർക്കാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. കാനഡയ്ക്കും യു.എസിനും യു.കെയ്ക്കും യഥാക്രമം 13,15,19 സ്ഥാനങ്ങൾ വീതം ലഭിച്ചു. റഷ്യ 70ാം സ്ഥാനത്തും യുക്രെയിൻ 92ാം സ്ഥാനത്തുമാണ്. 2012 മുതലാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം, സാമൂഹ്യതല പിന്തുണ, ആയുർദൈർഘ്യം, പൗരസ്വാതന്ത്ര്യം, തൊഴിൽ സുരക്ഷ, താഴ്ന്ന അഴിമതി നിരക്ക് തുടങ്ങിയ വിവിധ ഘടകങ്ങളും വിവിധ സർവേകളിലെ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കുന്നത്.
ഹാപ്പി പീപ്പിൾ !
ഫിൻലൻഡ്
ഡെൻമാർക്ക്
ഐസ്‌ലൻഡ്
ഇസ്രയേൽ
നെതർലൻഡ്‌സ്
സ്വീഡൻ
നോർവെ
സ്വിറ്റ്സർലൻഡ്
ലക്സംബർഗ്
ന്യൂസിലൻഡ്