ഭരണകൂടത്തിൽ ബന്ധുനിയമനം വേണ്ട: താലിബാൻ

Tuesday 21 March 2023 6:30 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിൽ സർക്കാർ പദവികളിൽ നിയമിച്ച കുടുംബാംഗങ്ങളെ പിരിച്ചുവിടണമെന്നും ഇത്തരം നിയമനങ്ങൾ ഭാവിയിൽ ആവർത്തിക്കരുതെന്നും ഉദ്യോഗസ്ഥരോട് ഉത്തരവിട്ട് താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ.

2021ൽ അധികാരം പിടിച്ചെടുത്ത ശേഷം സുപ്രധാന പദവികളിലടക്കം തങ്ങളുടെ ആൺ മക്കളെയും മറ്റ് ബന്ധുക്കളെയും താലിബാൻ നേതാക്കൾ നിയമിച്ചിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ നിരവധി സർക്കാർ ഉദ്യോഗസ്ഥർ രാജ്യം വിട്ടിരുന്നു. ചിലരെ താലിബാൻ പുറത്താക്കി.

കൂടാതെ സ്ത്രീകളെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിലക്കി. ഇതോടെ ഒഴിവു വന്ന പദവികളിലെല്ലാം ബന്ധുനിയമനം വ്യാപകമായി. മുൻപരിചയമില്ലാത്തവർ പദവികൾ കൈകാര്യം ചെയ്യുന്നെന്ന് പരാതി ഉയർന്നിരുന്നു.