അവിശ്വാസ വോട്ടിൽ പ്രചണ്ഡയ്‌ക്ക് ജയം

Tuesday 21 March 2023 6:30 AM IST

കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റിൽ ഇന്നലെ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയ്ക്ക് വിജയം. 275 അംഗ പാർലമെന്റിൽ 172 വോട്ടുകൾ പ്രചണ്ഡയ്ക്ക് ലഭിച്ചു. 138 എം.പിമാരുടെ പിന്തുണയാണ് പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിയായി തുടരാൻ വേണ്ടിരുന്നത്.

89 പേർ പ്രചണ്ഡയെ എതിർത്ത് വോട്ട് ചെയ്തു. സ്വന്തം പാർട്ടിയായ സി.പി.എൻ - മാവോയിസ്റ്റ് സെന്റർ, നേപ്പാളി കോൺഗ്രസ്, ആർ.എസ്.പി, സി.പി.എൻ - യൂണിഫൈഡ് സോഷ്യലിസ്റ്റ് അടക്കം പത്ത് പാർട്ടികൾ പ്രചണ്ഡയ്ക്ക് ഒപ്പം നിന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ( ആർ.പി.പി )​ എന്നിവർ എതിർത്ത് വോട്ട് ചെയ്തു.

കഴിഞ്ഞ മാസം പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി റാം ചന്ദ്ര പൗഡലിന് പ്രചണ്ഡ പിന്തുണ പ്രഖ്യാപിച്ചതോടെ സി.പി.എൻ - യു.എം.എൽ, രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി എന്നിവർ ഏഴ് പാർട്ടികളടങ്ങിയ ഭരണസഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു.

ഇതോടെയാണ് പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രചണ്ഡയ്ക്കൊപ്പം ചേർന്നതും അവിശ്വാസ വോട്ടിന് വഴിയൊരുങ്ങിയതും. വോട്ടിൽ വിജയിച്ച പശ്ചാത്തലത്തിൽ നേപ്പാളി കോൺഗ്രസ് പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി പ്രചണ്ഡ മന്ത്രിസഭ വിപുലീകരിക്കും.

 പ്രചണ്ഡ ഇന്ത്യയിലേക്ക്

പ്രചണ്ഡ ഏപ്രിൽ 20ന് മുന്നേ ഇന്ത്യ സന്ദർശിക്കും. പ്രചണ്ഡ തന്നെയാണ് ഇക്കാര്യമറിയിച്ചത്. തീയതി അന്തിമമായിട്ടില്ലെന്നും ഏപ്രിൽ ആദ്യവാരമോ രണ്ടാം വാരമോ പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി.