മദ്യനയക്കേസ്: കെ. കവിതയെ ഇന്നും ചോദ്യം ചെയ്യും

Tuesday 21 March 2023 6:38 AM IST

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബി.ആർ.എസ് നേതാവ് കെ. കവിതയെ ഇന്നലെ ഇ.ഡി പത്ത് മണി​ക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇന്നും തുടരും. ഒമ്പത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ഞായറാഴ്ച്ച രാത്രി ഡൽഹിയിലെത്തിയ കവിത കെ.സി.ആറിന്റെ വസതിയിൽ നിന്നാണ് ഇന്നലെ ഇ.ഡി ഓഫീസിലേക്ക് പോയത്. മാർച്ച് 11 നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും എം.എൽ.സിയുമായ കവിതയെ ഇ.ഡി ആദ്യം ചോദ്യം ചെയ്തത്. തുടർച്ചയായ ചോദ്യം ചെയ്യലിനെതിരെ കവിത സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പെട്ടെന്നുള്ള നടപടി പ്രതീക്ഷിച്ച് മാർച്ച് 16 നുള്ള ഇ.ഡി സമൻസ് അവർ ഒഴിവാക്കിയിരുന്നു. അന്ന് കവിതയ്ക്ക് പകരം ബി.ആർ.എസ് ജനറൽ സെക്രട്ടറി സോമഭാരത് കുമാറാണ് ഇ.ഡി ഓഫീസിൽ ഹാജരായത്. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സോമ ഭാരത് ഇ.ഡിയ്ക്ക് കൈമാറിയിരുന്നു. തുടർന്നാണ് 20 ന് ഹാജരാകാനായി ഇ.ഡി നോട്ടീസ് നൽകിയത്. ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് മാർച്ച് 24ന് വാദം കേൾക്കും. കഴിഞ്ഞ 11ന് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയോടൊപ്പമിരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 12 പേരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിലെ എ.എ.പി നേതാക്കൾക്ക് 100 കോടിയിലധികം രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പുമായി കവിതയ്ക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡി ആരോപണം. സൗത്ത് ഗ്രൂപ്പിന്റെ അരുൺ രാമചന്ദ്രൻ പിള്ള കവിതയുടെ ബിനാമിയാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

മനീഷ് സിസോദിയ ഏപ്രിൽ 3 വരെ ജുഡി​ഷ്യൽ കസ്റ്റഡിയിൽ

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏപ്രിൽ 3 വരെ ജുഡി​ഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. മാർച്ച് 6 ന് കോടതി സിസോദിയയെ മാർച്ച് 20 വരെ ജുഡി​ഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. മാർച്ച് 17 വരെ സിസോദിയയെ ഇ.ഡി കസ്റ്റഡിയിൽ വിട്ട കോടതി പിന്നീട് ഇത് 22 വരെ നീട്ടി. ഇന്നലെ ജുഡി​ഷ്യൽ കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്നാണ് കോടതി വീണ്ടും 14 ദിവസത്തെ ജുഡി​ഷ്യൽ കസ്റ്റഡി ഉത്തരവ് നൽകിയത്.