ബസിറങ്ങി റെയിൽവേ സ്റ്റേഷനിലെത്താൻ പെടാപ്പാട്. എളുപ്പവഴിയൊക്കെ പണ്ട് ഇപ്പോൾ മതിൽ ചാടണം.

Wednesday 22 March 2023 1:07 AM IST

കോട്ടയം . സ്റ്റാൻഡിൽ ബസിറങ്ങി റെയിൽവേ സ്റ്റേഷനിലേയ്ക്ക് എളുപ്പത്തിൽ എത്താൻ ഓടിയെത്തിയാൽ മുൻപ് കടന്നുപോയിരുന്ന വഴി കാണില്ല. പകരം ഒരു മതിൽ കാണാം. ഇത് ചാടിക്കടന്നാൽ മാത്രം പോരാ, ട്രാക്കും മുറിച്ച് കടക്കണം പ്ലാറ്റ്‌ഫോമിലേക്ക് എത്താൻ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്കും ട്രെയിൻ ഇറങ്ങിവരുന്നവർക്ക് സ്റ്റാൻഡിലേക്കും എളുപ്പത്തിൽ എത്താൻ കഴിഞ്ഞിരുന്ന വഴി പുതിയ ഇരട്ടപ്പാത വന്നതോടെയാണ് ഇല്ലാതായത്. നവീകരണത്തിന്റെ ഭാഗമായും സുരക്ഷയുടെ ഭാഗമായും റെയിൽവേ അതിർഭാഗം പൂർണ്ണമായും മതിൽ കെട്ടിയടച്ചു. പ്രായമായവരടക്കം മതിൽചാടിക്കടന്ന് രണ്ട് ട്രാക്കുകൾ മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമിലേയ്ക്കെത്തുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും. ബസുകൾ തുടർച്ചയായി കയറിയിറങ്ങുന്ന ഭാഗമായതിനാൽ മതിൽചാടി കടന്നെത്തുന്നവരും സൂക്ഷിക്കണം.

പ്രധാന കവാടത്തിലേയ്ക്ക് കിലോമീറ്ററുകൾ നടക്കണം

സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലെത്തണമെങ്കിൽ റോഡിലൂടെ റെയിൽവേയുടെ പ്രധാന ഗേറ്റിലൂടെ പ്രവേശിക്കണം. എന്നാൽ ഇവിടേയക്ക് കിലോമീറ്ററുകൾ നടക്കണം. ബസ് സ്റ്റാൻഡിൽ നിന്ന് വളരെ പെട്ടെന്ന് പ്ലാറ്റ്‌ഫോമിലെത്താൻ കഴിയുന്നതിനാലാണ് ആളുകൾ മതിൽചാടിക്കടക്കുന്നത്. ബസിൽ എത്തുന്ന യാത്രക്കാർ ലഗേജുകളുമായി സ്റ്റാൻഡിൽ നിന്ന് സ്റ്റേഷനിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നത് നിത്യകാഴ്ചയാണ്. സ്ഥിരം യാത്രക്കാരും വിദ്യാർത്ഥികളുമാണ് ഏറെ വലയുന്നത്. ഓട്ടോ, ടാക്‌സി അമിത ചാർജ് ഈടാക്കുന്നതിനാൽ കാൽനടയാത്രയാണ് പലരും തിരഞ്ഞെടുക്കുന്നത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നെത്തുന്ന യാത്രക്കാർക്ക് നാഗമ്പടം മേൽപ്പാലത്തിലേക്ക് എത്തണമെങ്കിലും ഇരട്ടിയാത്ര ചെയ്യണം.


സ്ഥിരം ട്രെയിൻ യാത്രക്കാരാണ്. മറ്റക്കരയിലെ സ്വകാര്യ കോളേജിലാണ് പഠിക്കുന്നത്. നാട്ടിൽ പോയി മടങ്ങിയാൽ എളുപ്പത്തിൽ ബസ് കയറുന്നതിനായി മുൻപ് കെട്ടിയടച്ച വഴിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോൾ, കിലോമീറ്റർ നടന്നാണ് സ്റ്റാൻഡിലെത്തുന്നത്.

(അർഷാദ് കണ്ണൂർ)

പതിവ് യാത്രക്കാരനാണ്. പാമ്പാടിയിലാണ് ജോലി ചെയ്യുന്നത്. സ്‌റ്റേഷനിൽ നിന്ന് സ്റ്റാൻഡിലേക്ക് വേഗത്തിൽ എത്താൻ കഴിയുന്നതിനാൽ മതിൽചാടിക്കടക്കുകയാണ്.

(സേവ്യർ മാർത്താണ്ഡം)

ട്രെയിൻ നിറുത്തിയാൽ നേരെ ബസ് സ്റ്റാൻഡിലേക്കാണ് എത്തേണ്ടത്. എന്നാൽ കോട്ടയത്ത് സ്റ്റാൻഡിലേക്ക് എത്തണമെങ്കിൽ ചുറ്റിക്കറങ്ങണം. (നിരുൺ പി.ഉണ്ണി നെല്ലിക്കൽ).

Advertisement
Advertisement