വൈക്കം സത്യഗ്രഹ ശതാബ്ദി ഒരുലക്ഷം പേർ പങ്കെടുക്കും

Wednesday 22 March 2023 12:43 AM IST

കോട്ടയം . ഏപ്രിൽ ഒന്നിന് വൈക്കത്തു നടക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ അരലക്ഷം കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കും. വൈക്കം നഗരം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനകീയ സമ്മേളനത്തിനായി സുരക്ഷാക്രമീകരണങ്ങൾ അടക്കമുള്ളവ വിലയിരുത്തുന്നതിനായി സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഒരുലക്ഷത്തിലേറെ പേർ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പതിനായിരം പേർക്കിരിക്കാവുന്ന കൂറ്റൻ പന്തലാണ് സജ്ജീകരിക്കുന്നത്. ബീച്ച് പരിസരത്തെ പോള നീക്കൽ, വേദിക്ക് സമീപത്തെ കാടുവൃത്തിയാക്കൽ എന്നിവ വേഗത്തിൽ പൂർത്തീകരിക്കും. രണ്ട് ആംബുലൻസുകളും മെഡിക്കൽ സംഘവും പൊതുജനങ്ങൾക്കായി സജ്ജമാക്കും. ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി 100 സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സേവനവുമുണ്ടാകും. പാർക്കിംഗ് സൗകര്യങ്ങളൊരുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. വൈകിട്ട് 4 30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ച് സംസ്ഥാനത്തുടനീളം 603 ദിവസം നീളുന്ന ശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

ഒരുക്കങ്ങൾ ഇങ്ങനെ. പതിനായിരം പേർക്കിരിക്കാവുന്ന കൂറ്റൻ പന്തൽ ഹരിതകർമസേന ശുചിത്വമുറപ്പാക്കും ആംബുലൻസുകളും മെഡിക്കൽ സംഘവും നൂറ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ സേവനം