റമദാൻ മാസത്തിൽ ബ്രിട്ടണിലെത്തി ഖുർ ആൻ കത്തിക്കുമെന്ന് തീവ്ര വലതുപക്ഷ നേതാവിന്റെ ഭീഷണി; അച്ചടക്ക നടപടിയുമായി സർക്കാർ

Tuesday 21 March 2023 6:57 PM IST

ലണ്ടൻ: റമദാൻ മാസം നാളെ ആരംഭിക്കാനിരിക്കെ ബ്രിട്ടണിലെ തെരുവിൽ ഖുർ ആൻ കത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയ തീവ്ര വലതുപക്ഷ നേതാവിന് രാജ്യം വിലക്കേർപ്പെടുത്തി. ഡാനിഷ്-സ്വീഡിഷ് രാഷ്‌ട്രീയ നേതാവും മുസ്ളീം വിരുദ്ധ പാർട്ടി 'സ്‌ട്രാം കുർസി'ന്റെ നേതാവുമാണ് റാസ്‌മസ് പലൂദൻ. ബ്രിട്ടണിൽ വെയ്‌ക്ക്ഫീൽഡിൽ എത്തി തെരുവിൽ ഖുർ ആൻ കത്തിക്കുമെന്നാണ് റാസ്‌മസ് പലൂദൻ പറഞ്ഞിരുന്നത്. ഇദ്ദേഹത്തെ ബ്രിട്ടണിലെ കുടിയേറ്റ നിരീക്ഷക പട്ടികയിലുൾപ്പെടുത്തിയതായി ബ്രിട്ടീഷ് സുരക്ഷാമന്ത്രി ടോം ടുഗെൻഡ്‌ഹാറ്റ് അറിയിച്ചു.

ബ്രിട്ടണിൽ താനെത്തുന്നത് ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് എതിരെ പോരാട്ടത്തിനാണെന്ന് പലൂദൻ പ്രതികരിച്ചു. മുൻപ് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിൽ തുർക്കി എംബസിക്ക് മുൻപിൽ ഖുർ ആൻ കത്തിച്ച് വിവാദമുണ്ടാക്കിയയാളാണ് റാസ്‌‌മസ് പലൂദൻ. തുർക്കിയുമായി സ്വീഡനുള്ള തർക്കത്തിന്റെ തുടർച്ചയായാണ് അന്ന് പലൂദൻ ഖുർ ആൻ കത്തിച്ചത്. ജനുവരിയിലായിരുന്നു സംഭവം.