നാട്ടുകാരുടെ ശ്രമദാനം ; തവളയില്ലാക്കുളം 'തെളിഞ്ഞു'

Wednesday 22 March 2023 1:40 AM IST

പാറശാല: പേര് മാത്രം കൊണ്ട് ഏറെ പ്രസിദ്ധമായ തവളയില്ലാക്കുളം പായലും കുളവാഴയും നിറഞ്ഞ് മൂടിയത് ജനശ്രദ്ധയാകർഷിച്ചിരുന്നു. തവളയില്ലാക്കുളത്തിൽ തവളകൾ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞിരുന്നവർ കുളത്തിൽ വെള്ളമുണ്ടെന്നും ഇല്ലെന്നും പറയാൻ തുടങ്ങിയതും തർക്കവിഷയമായി. കഴിഞ്ഞ ഒന്നര വർഷക്കാലത്തിലേറെയായി കുളവാഴയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായി തുടർന്നതാണ് നാട്ടുകാരുടെ ആശങ്ക.കൃഷിക്കും സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലസമൃദ്ധിക്കും കാരണമായിരുന്നു കുളത്തിലെ വെള്ളം. ദേശീയപാതയുടെ ഓരത്തായി മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള കുളം നാട്ടുകാർക്കും പൊതുജനങ്ങൾക്കും കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനും ഏറെ പ്രയോജനകരമായിരുന്നു. കൂടാതെ കുളത്തിനുള്ളിലെ കിണറിൽ സ്ഥാപിച്ചിരുന്ന കുടിവെള്ള പദ്ധതിയിൽ നിന്നാണ് സമീപത്തെ നൂറോളം കുടുംബങ്ങളും കുടിവെള്ളം ശേഖരിച്ചിരുന്നത്.

നാട്ടുകാർക്ക് പ്രയോജനകരമായിരുന്ന കുളം വൃത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരിൽ നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ നാട്ടുകാരുടെ പരാതിയിൽ വാർഡ് മെമ്പർ താരയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്, ഇറിഗേഷൻ, ആരോഗ്യ വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നിഷ്ഫലമായിരുന്നു. വെള്ളത്തിൽ സൂര്യപ്രകാശം ഏൽക്കാത്തതിനാൽ കൂത്താടികൾ നിറഞ്ഞ് കൊതുകുകൾ പെറ്റ് പെരുകി ദുർഗന്ധം വമിക്കാനും തുടങ്ങി. കുളത്തിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെട്ടതും, പരിസര മലിനീകരണത്തിന് കാരണമായതിന് പുറമെ കുളവാഴ നിറഞ്ഞ് വെള്ളമുണ്ടോ എന്നറിയാൻ പോലും കഴിയാതെ നാട്ടുകാർ പ്രതിസന്ധിയിലായി. കുളത്തിൽ സ്ഥാപിച്ചിരുന്ന കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നവർ കൂടുതൽ ഭീഷണിയിലുമായി.തുടർന്നാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നാട്ടുകാർ ശ്രമദാനമായി കുളം വൃത്തിയാക്കാൻ തീരുമാനിച്ചത്.

നാട്ടുകാർ ഒറ്റക്കെട്ട്

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുന്നോട്ടു വന്ന പതിനഞ്ചോളം ചെറുപ്പക്കാർ ചേർന്ന് ഒരു മാസത്തോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് കുളത്തിലെ പായലും കുളവാഴയും മുഴുവൻ വൃത്തിയാക്കാൻ കഴിഞ്ഞത്. പരിസരവാസികളും കർഷകരും കുളത്തെ സ്നേഹിക്കുന്നവരയായ നാട്ടുകാരും മുന്നോട്ട് വന്നതോടെ കുളവാഴയാൽ മൂടപ്പെട്ട് ഉപയോഗശൂന്യമായി അവശേഷിച്ചിരുന്ന തവളയില്ലാക്കുളത്തിൽ കണ്ണുനീരിന്റെ തെളിവെള്ളം പ്രകടമായി. മറുചാലിലൂടെ കുളത്തിന് പുറത്തേക്ക് ഒഴുക്കിവിട്ട പായലും കുളവാഴയും സമീപത്തെ തോടുകളിൽ അടിഞ്ഞുകൂടിയത് കണ്ട് ചിലർ എതിർപ്പുമായി എത്തിയതോടെ കുളം വൃത്തിയാക്കിയവർ തന്നെ തോടുകളുടെ ശുചീകരണവും ഏറ്റെടുത്തു. നാട്ടുകാരുടെ ആവശ്യം അധികാരികൾ ചെവിക്കൊള്ളാൻ തയ്യാറായില്ലെങ്കിലും കുളം വൃത്തിയായത് അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ കാരണമായി.