പ്രായം തോറ്റു ഈ മൊഞ്ചത്തികളുടെ മുന്നിൽ

Tuesday 21 March 2023 8:59 PM IST

കണ്ണൂർ: 'മാനത്തൊരു പൊൻതാരകം മഞ്ചാടി മണിച്ചെപ്പ് തുറന്നില്ലെ ' സിനിമാപ്പാട്ടിന് ഒപ്പന ചുവടുകളുമായി ജീവിതസായാഹ്നത്തിന്റെ പടിയിലെത്തിയ ഒരു കൂട്ടം അമ്മമാർ എത്തിയപ്പോൾ കണ്ണൂർ ശിക്ഷക് സദനിലെ വേദി അക്ഷരാർത്ഥത്തിൽ ആവേശപ്പൂരം അലതല്ലി. വയോജന കലാമേളയിലാണ് ചെറുകുന്ന് പള്ളിക്കരയിൽ നിന്നെത്തിയ ഒരു കൂട്ടം അമ്മമാർ ഒപ്പന ചുവടുകളുമായി വേദിയെ ഇളക്കി മറിച്ചത്.

ഇഗ്നേഷ്യ (63),ആഗ്നസ്(61), ഓമന (63),ശാരദ(64),വിജയലക്ഷ്മി(63),നി‌ർമ്മല(61),പത്മിനി(63),വെറോണ്ണിക്ക(60),രോഹിണി(68) എന്നിവരാണ് വേദിയിൽ മൊഞ്ചോടെ ഒപ്പനച്ചുവട് വച്ചത്. സ്നേഹ വീട്,കിളിവീട്,കളിവീട് എന്നീ കുടുബംശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ കൂടിയാണിവർ.മണവാട്ടിയായി വേഷമിട്ടത് അറുപത്തുമൂന്നുകാരി പത്മിനിയാണ്. തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളുമായാണ് മണവാട്ടിയും തോഴിമാരുമെത്തിയത്. കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിനിടെ പള്ളിക്കര സ്കൂളിൽ നാടൻപാട്ടുമായി അരങ്ങിൽ എത്തിയതാണ് ഈ കൂട്ടായ്മ. പിന്നീടാണ് ഒപ്പനയിലേക്ക് ചുവടുമാറ്റിയത്.പ്രദേശത്ത് നടക്കുന്ന പരിപാടികളിലെ വേദികളിലെല്ലാം സ്ഥിര സാന്നിദ്ധ്യം കൂടിയാണ് ഈ അമ്മമാ‌ർ.തൊഴിലുറപ്പ് തൊഴിലാളികളായ ഇവർ ദിവസവും വൈകീട്ട് ഏഴോടെ പരിശീലനം ആരംഭിക്കുന്നു.കെ.പ്രിൻസിയാണ് പരിശീലക.ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായെങ്കിലും ഇപ്പോൾ ഏത് ചുവടും ഇവർക്ക് വഴങ്ങുന്നുവെന്ന് പരിശീലക പറഞ്ഞു. പ്രദേശത്തെ സാംസ്കാരിക നിലയത്തിന്റെ പരിപാടിക്ക് അവതരിപ്പിക്കാനായി കൈകൊട്ടിക്കളിയുടെ പരിശീലനത്തിലാണ് ഇവരിപ്പോൾ.