കക്കാട് സ്പിന്നിംഗ് മിൽ പൂട്ടിയിട്ട് മൂന്ന് വർഷം: പട്ടിണിയിലാണ് തൊഴിലാളി കുടുംബങ്ങൾ
കണ്ണൂർ:കൊവിഡ് വ്യാപനത്തെ തുടർന്ന് പൂട്ടിയ കണ്ണൂർ കക്കാടെ സ്പിന്നിംഗ് മിൽ തുറക്കാതെയായിട്ട് നാളേക്ക് മൂന്നു വർഷം തികയുമ്പോൾ തൊഴിലാളികളും കുടുംബവും കൊടും പട്ടിണിയിൽ. 2020 മാർച്ച് 24നായിരുന്നു കക്കാട് കേനന്നൂർ സ്പിന്നിംഗ് ആൻഡ് വേവിംഗ് മിൽ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 23 സ്പിന്നിംഗ് മില്ലുകൾ കേന്ദ സർക്കാരിന് കീഴിലുള്ള നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷൻ (എൻ.ടി.സി) അടച്ചിട്ടത്.
കൊവിഡ് വ്യാപനം അവസാനിച്ചതോടെ മറ്റ് സ്ഥാപനങ്ങളെല്ലാം സാധാരണ രീതിയിൽ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും അത്യാധുനിക സൗകര്യങ്ങളുള്ള കക്കാട് സ്പിന്നിംഗ് മില്ലുൾപ്പടെ എല്ലാ മില്ലുകളും അടഞ്ഞുകിടന്നു. തുടർന്ന് കക്കാട് സ്പിന്നിംഗ് മിൽ ഗേറ്റിന് മുന്നിൽ ഇരുന്നൂറിലധികം ദിവസങ്ങൾ നീണ്ട സത്യാഗ്രഹമുൾപ്പെടെ കേന്ദ്ര സർക്കാർ ഓഫീസുകൾ , കോയമ്പത്തൂർ സതേൺ റീജിയണൽ ഓഫീസ്, ബോംബെ വെസ്റ്റേൺ റീജിയണൽ ഓഫീസ് എന്നിവയ്ക്കു മുന്നൽ സമരവും രാജ്ഭവൻ മാർച്ചും ധർണയും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ 600ലധികം വരുന്ന തൊഴിലാളികളുടെ കുടുംബമാണ് വഴിയാധാരമായത്. മക്കളുടെ വിദ്യാഭ്യാസ വായ്പയും ഗാർഹിക ലോണുകളും അടക്കാനാവാത്തതിനാൽ തൊഴിലാളികളൊക്കെ കടുത്ത മാനസിക പ്രയാസമാണ് അനുഭവിക്കുന്നത്. മില്ലിന്റെ പ്രവർത്തനം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
ശമ്പളം മുടങ്ങി, ആനുകൂല്യവുമില്ല
സ്പിന്നിംഗ് മിൽ അടച്ചിട്ടിരുന്ന കാലയളവിൽ സ്ഥിരം ജീവനക്കാർക്ക് സമാശ്വാസമായി നൽകിയിരുന്ന മൊത്തം ശമ്പളത്തിന്റെ 35ശതമാനം കഴിഞ്ഞ ആറു മാസമായി മുടങ്ങിയിരിക്കുകയാണ്. 340 സ്ഥിരം തൊഴിലാളികളാണ് കക്കാട് സ്പിന്നിംഗ് മില്ലിൽ ജോലി ചെയ്യുന്നത്. ബാക്കിയുള്ള 260-ാളം താൽക്കാലിക ജീവനക്കാർക്ക് കഴിഞ്ഞ് 3 വർഷത്തിനിയടിൽ ഒരു രൂപയുടെ ആനുകൂല്യം പോലും ലഭിച്ചിട്ടില്ല. കമ്പനി തുറക്കാതെ നിന്നാൽ പതിറ്റാണ്ടുകളോളമായി താത്കലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് മറ്റ് ജോലി തേടി പോകാൻ സാധിക്കാത്തതിനാൽ പെൻഷൻ പോലും നിഷേധിക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുക. ഇക്കാലയളവിൽ വിരമിച്ച 30 ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയോ മരണപ്പെട്ട നാല് പേരുടെ കുടുംബത്തിന് ആശ്വാസമാകുന്ന പദ്ധതികളോ നടപ്പിലാക്കിയിട്ടില്ല.
പൂട്ടുമ്പോൾ ലാഭത്തിലായിരുന്ന സ്ഥാപനമാണ് കേനന്നൂർ സ്പിന്നിംഗ് ആന്റ് വേവിംഗ് മിൽ. അത് നിൽക്കുന്ന ഭൂമി വിൽപനയ്ക്ക് വെച്ചിരിക്കുകയാണ് എന്നാണ് മനസിലാക്കുന്നത്. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജീവിത പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ.
- കെ.പി അശോകൻ, ടെക്സ്റ്റൈൽ മിൽ വർക്കേഴ്സ് യൂണിയൻ ജില്ല ജനറൽ സെക്രട്ടറി -കണ്ണൂർ
നാളെ റയിൽവേ സ്റ്റേഷൻ മാർച്ച്
മില്ലുകൾ അടച്ചിട്ട് മൂന്ന് വർഷം തികയുന്ന നാളെ വൈകിട്ട് 5ന് സേവ് എൻ.ടി.സി, സംയുക്ത സമരസഹായ സമിതി എന്നിവയുടെ നേതൃത്വത്തിൽ തൊഴിലാളികളും കുടുംബവും കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് റയിൽവെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.പി.സഹദേവൻ, വി.വി.ശശീന്ദ്രൻ, എം.വേണുഗോപാൽ, താവം ബാലകൃഷ്ണൻ, കെ.പി.അശോകൻ, കെ.മണീശൻ,അബ്ദുൾ വഹാബ് കണ്ണാടിപറമ്പ് എന്നിവർ പങ്കെടുത്തു.