കേന്ദ്രസർവകലാശാല നാഷണൽ കോൺഫറൻസിന് തുടക്കം: ഏകീകൃത ഇന്ത്യ പൗരാണിക ആശയം: പി.എസ്.ശ്രീധരൻ പിള്ള

Tuesday 21 March 2023 9:14 PM IST

കാസർകോട്: ഏകീകൃത ഇന്ത്യയെന്നത് പൗരാണികമായ ആശയമാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ഇന്ത്യയെ യോജിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. എന്നാൽ പൗരാണിക ഗ്രന്ഥങ്ങളിലും ആഗോള സാഹിത്യ ചരിത്രത്തിലും ഏകീകൃത ഇന്ത്യയെന്ന ആശയം കണ്ടെത്താൻ സാധിക്കും. കേരള കേന്ദ്ര സർവ്വകലാശാലയിൽ 'ഇന്ത്യൻ നേതൃത്വത്തിലെ നവ ജി20 സാദ്ധ്യതകൾ, ആശങ്കകൾ' എന്ന വിഷയത്തിൽ നടക്കുന്ന ദ്വിദിന നാഷണൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണം ആധുനികതയും വികസനവും കൊണ്ടുവന്നുവെന്നും വാദിക്കുന്നവരുണ്ട്. പല മേഖലകളിലും ഇന്ത്യയുടെ തകർച്ചയാണ് ബ്രിട്ടീഷ് ഭരണത്തിലൂടെ ഉണ്ടായത്.ജി20 അദ്ധ്യക്ഷ പദവി ഇന്ത്യക്ക് വെല്ലുവിളിയും അവസരവുമാണ്. വലിയ പ്രതീക്ഷയോടെ ഈ ഉദ്യമം വിജയമാക്കാൻ രാജ്യം ഒന്നടങ്കം പരിശ്രമിക്കുകയാണ്. വസുധൈവ കുടുംബകമെന്ന പുരാതനമായ സങ്കൽപ്പമാണ് ജി20യിൽ ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഏറ്റവും മികച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അക്കാഡമിക് ലോകം ഭാരതത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വിശദീകരിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ് ചാൻസർ പ്രൊഫ.ബി.ജെ.റാവു മുഖ്യാതിഥിയായി. കേരള കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു അദ്ധ്യക്ഷത വഹിച്ചു. ലോകത്തെ നയിക്കാൻ പ്രാപ്തമാണ് ഇന്ത്യയെന്ന് തെളിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് വൈസ് ചാൻസലർ പറഞ്ഞു. രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ ആശംസ അർപ്പിച്ചു. പ്രൊഫ.മുത്തുകുമാർ മുത്തുച്ചാമി സ്വാഗതവും ഡോ.ജി.ദുർഗാ റാവു നന്ദിയും പറഞ്ഞു. സുസ്ഥിരത, സുരക്ഷ, ഭരണനിർവ്വഹണം എന്നീ വിഷയങ്ങളിലായി നടക്കുന്ന വിവിധ സെഷനുകളിൽ വൈസ് ചാൻസലർമാർ, അക്കാദമിക് വിദഗ്ധർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോൺഫറൻസ് ഇന്ന് സമാപിക്കും.