അപകടകാരിയായ അമൃത്‌പാൽസിംഗ്

Wednesday 22 March 2023 12:00 AM IST

ആശയപരമായി സമാന ചിന്താഗതിയുള്ളവർക്ക് സംഘടിക്കാനും അഭിപ്രായങ്ങൾ തുറന്നുപറയാനും ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താനും സ്വാതന്ത്ര്യ‌മുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം ആയുധങ്ങളേന്തി സർക്കാരിനെ വെല്ലുവിളിക്കുന്ന സംഘങ്ങളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. മാവോയിസ്റ്റുകളാണ് അതിൽ പ്രധാനപ്പെട്ട വിഭാഗം. ആദിവാസികളുടെയും ചൂഷണം ചെയ്യപ്പെടുന്ന മറ്റ് പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായാണ് തങ്ങളുടെ പോരാട്ടമെന്നാണ് മാവോയിസ്റ്റുകൾ പറയുന്നത്. ഒരു പ്രത്യേക രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടിയല്ല അവരുടെ പോരാട്ടം. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാവോയിസ്റ്റുകളുടെ പ്രവർത്തനം ഏതാണ്ട് മന്ദീഭവിച്ച മട്ടാണ്. നുഴഞ്ഞുകയറ്റക്കാരായ തീവ്രവാദികളുടെ ആക്രമണങ്ങളും സ്ഫോടനങ്ങളും വളരെ കുറഞ്ഞു. എന്നാൽ പഞ്ചാബിൽ ദശാബ്ദങ്ങളുടെ ഇടവേളയ്ക്കുശേഷം ഖാലിസ്ഥാൻ വാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. ഇവർക്ക് വിദേശത്തു നിന്നും പാകിസ്ഥാനിൽ നിന്നും സഹായം ലഭിച്ചുവരികയും ചെയ്യുന്നു. സ്വദേശത്തും വിദേശത്തും ഇന്ത്യയെ അപമാനിക്കുന്ന നടപടികൾ സംഘടിപ്പിക്കുന്നതിലൂടെയാണ് അവർ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നത്.

ദുബായിൽ ജോലിചെയ്യുകയായിരുന്ന അമൃത്‌പാൽ സിംഗ് എന്ന സിഖ് യുവാവാണ് തിരിച്ചെത്തി 'വാരിസ് പഞ്ചാബ് ദേ" എന്ന സംഘടനയുടെ നേതൃത്വം ഏറ്റെടുത്തി​രി​ക്കുന്നത്. ഇയാളുടെ വരവോടെയാണ് സംഘടന കൂടുതൽ അക്രമാസക്തവും വിഘടനപരവുമായ ശൈലി​കൾ സ്വീകരിക്കാൻ തുടങ്ങി​യത്. തുടക്കത്തി​ൽത്തന്നെ ഇയാളെ നി​ലയ്ക്കു നി​റുത്തേണ്ടതായി​രുന്നു. എന്നാൽ രാഷ്ട്രീയവും പ്രാദേശി​കവുമായ പല കാരണങ്ങളാൽ അതു നടന്നി​ല്ല. വാളുകളുമേന്തി​ ഇയാളുടെ രണ്ടായി​രത്തോളം അനുയായികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതി​യെ മോചി​പ്പി​ച്ചത് ഇന്ത്യയൊട്ടാകെ ചർച്ചചെയ്യപ്പെട്ട സംഭവമായി​രുന്നു. കൂടാതെ ഇന്ദി​രാഗാന്ധി​യെ വധി​ച്ചതുപോലെ കേന്ദ്ര ആഭ്യന്തരമന്ത്രി​ അമി​ത് ഷായെ വധി​ക്കുമെന്ന വെല്ലുവി​ളി​യും ഇയാൾ നടത്തി​. ഇതിന്റെയൊക്കെ തുടർച്ചയായാണ് പഞ്ചാബ് പൊലീസ് ഇയാളെ പി​ടി​കി​ട്ടാപ്പുള്ളി​യായി​ പ്രഖ്യാപി​ച്ചത്.

ഇയാൾക്ക് വി​ദേശശക്തി​കളുടെ സഹായം ലഭി​ക്കുന്നുണ്ടെന്നത് വ്യക്തമായ സ്ഥി​തി​ക്ക് അന്വേഷണം എൻ.ഐ.എ പോലുള്ള ഏജൻസി​കൾ നടത്തുന്നതാണ് ഉചി​തം. ഇവരെ നേരി​ടാൻ കേന്ദ്രത്തി​ന്റെ കീഴി​ലുള്ള അർദ്ധസൈനി​ക വി​ഭാഗങ്ങളെയും നി​യോഗി​ക്കണം. പഞ്ചാബ് പൊലീസി​ന് മാത്രമായി​ വി​ട്ടുകൊടുക്കേണ്ട പ്രശ്നമല്ലി​ത്. ഇത്തരം തീവ്രവാദം മുളയി​ലേ നുള്ളി​യി​ല്ലെങ്കി​ൽ മുള്ളുകൊണ്ട് എടുക്കേണ്ടതി​നെ പി​ന്നീട് തൂമ്പകൊണ്ട് എടുക്കേണ്ട സ്ഥി​തി​വരുമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ പഠി​പ്പി​ക്കുന്നു. ബ്രി​ട്ടനി​ലെ ഇന്ത്യൻ ഹൈക്കമ്മി​ഷനി​​ൽ കഴി​ഞ്ഞ ദി​വസം ഖാലി​സ്ഥാൻ തീവ്രവാദി​കൾ അക്രമം നടത്തുകയും ഇന്ത്യൻ ദേശീയപതാക വലി​ച്ച് താഴെയി​ടുകയും ഈ ദൃശ്യം സോഷ്യൽമീഡി​യയി​ൽ പ്രചരി​പ്പി​ക്കുകയും ചെയ്തു. ആസ്ട്രേലി​യയി​ലെ മെൽബണി​ലും ഒരുസംഘം ഖാലി​സ്ഥാൻ വാദി​കൾ ഇന്ത്യക്കാരെ തി​രഞ്ഞുപി​ടി​ച്ച് ആക്രമിച്ചി​രുന്നു. അപകടകാരി​യായ അമൃത്‌പാൽസിംഗ് കസ്റ്റഡി​യി​ലായെന്നും ഇല്ലെന്നും അഭ്യൂഹങ്ങളുണ്ട്. ആയുധങ്ങളേന്തി​ ജനാധി​പത്യ സർക്കാരുകളെ വെല്ലുവി​ളി​ക്കുന്നവരെ ഒരു കാരണവശാലും ഇന്ത്യൻ മണ്ണി​ൽ വളരാൻ അനുവദി​ക്കരുത്. ഉരുക്കുമുഷ്ടി​യോടെ തന്നെ അടി​ച്ചമർത്തണം.