കട്ടിലിനടിയിൽ കമ്പിളി പുതപ്പ് കൊണ്ട് മൂടിയ നിലയിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സൂചന, ഭർത്താവിനെ കാണാനില്ല

Tuesday 21 March 2023 9:27 PM IST

ഇടുക്കി: യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ കമ്പിളി പുതപ്പിട്ട് മൂടിയനിലയിൽ കണ്ടെത്തി. കാഞ്ചിയാറിൽ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയിൽ കണ്ടത്. യുവതിയുടെ ഭർത്താവ് ബിജേഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുറച്ച് ദിവസങ്ങളായി വത്സമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. കതക് തകർത്ത് ബന്ധുക്കൾ അകത്ത് കയറി നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവ് ബിജേഷിനായി കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വത്സമ്മയുട മൃതദേഹം ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബിജേഷിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.