അന്തസിന്റെ ആൾരൂപം

Wednesday 22 March 2023 12:00 AM IST

നമ്മുടെ നീതിന്യായ രംഗത്തെ അന്തസിന്റെ ആൾരൂപമായിരുന്നു മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി. കോടതിയിലും പുറത്തും ഇത്രത്തോളം മാന്യതയോടെയും എളിമയോടെയും സരസമായും ഇടപെടുന്നവർ ചുരുക്കമാണ്. 1995 മുതൽ കോടതികളിൽ നിറഞ്ഞുനിന്ന പ്രസന്നമായ സാന്നിദ്ധ്യമാണ് വിടപറഞ്ഞത്. പുഞ്ചിരിയും വിനയവും നിറഞ്ഞുനിന്ന ആ മുഖം മനസിൽ നിന്ന് പെട്ടെന്നൊന്നും മായില്ല. ഞങ്ങൾ അഭിഭാഷകരായിരുന്നപ്പോഴും അടുപ്പമുണ്ടായിരുന്നു. കോടതി മുറികളിൽ ആ പ്രാഗത്ഭ്യം പലപ്പോഴും കണ്ടറിഞ്ഞിട്ടുണ്ട്. എന്റെ കേസുകൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ജയത്തെയും പരാജയത്തേയും പക്വതയോടെ കണ്ടു. കീഴ്‌കോടതിയിലും ഹൈക്കോടതിയിലും ഒരേ ഗൗരവത്തോടെ കേസുകൾ നടത്തി.

ഞാൻ ന്യായാധിപനായപ്പോൾ അദ്ദേഹത്തിന്റെ കേസുകൾ കേട്ടിട്ടുണ്ട്. കെ.എം.മാണിക്ക് വേണ്ടി ഒരിക്കൽ ദണ്ഡപാണി ഹാജരായത് എന്റെ കോടതിയിലാണ്. മാണിക്കെതിരെയായിരുന്നു വിധി. എങ്കിലും ദണ്ഡപാണി ഒരു വിഷമവും പ്രകടിപ്പിച്ചില്ല. കോടതിയിലെ വാദവും പ്രസന്നമായാണ്. ഒരാൾക്കും അദ്ദേഹത്തോട് വിരോധമുണ്ടാകാൻ ഇടയില്ല. ആരോടും മുഷിഞ്ഞ് സംസാരിക്കുന്നത് കണ്ടിട്ടില്ല. എത്ര സമ്മർദ്ദമുണ്ടായാലും പരുഷമായി പെരുമാറിയിട്ടില്ല. മോശമായ ഒരു വാക്കുപോലും ഉരിയാടിയതായി അറിയില്ല. അത്രയ്ക്ക് മാന്യനും സൗമ്യനുമായിരുന്നു അദ്ദേഹം.

അഭിഭാഷക സമൂഹത്തിന് തന്നെ റോൾ മോഡലായിരുന്നു ദണ്ഡപാണി. പുതിയ അഭിഭാഷകർക്ക് അദ്ദേഹത്തിന്റെ നിയമയുദ്ധങ്ങളും പെരുമാറ്റവും മാതൃകയാക്കാവുന്നതാണ്.

കേസുകൾ സൂക്ഷ്മമായി പഠിച്ച് അവതരിപ്പിക്കുന്നതിലായിരുന്നു ഈ അഭിഭാഷകന്റെ മിടുക്ക്. കോടതി മുറികളിൽ കൃത്യമായ വാദമുഖങ്ങൾ മാത്രമേ ഉന്നയിക്കാറുള്ളൂ. സ്വന്തം കക്ഷികളോടും എതിർകക്ഷികളോടും എതിർ അഭിഭാഷകരോടും ജഡ്ജിമാരോടും ബഹുമാനത്തോടെ, എളിമയോടെ മാത്രം പെരുമാറി.

അഡ്വക്കേറ്റ് ജനറലായപ്പോഴും അധികാരം അദ്ദേഹത്തെ കൂടുതൽ വിനയാന്വിതനാക്കിയെന്ന് തന്നെ പറയണം. ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ സത്യപ്രതിജ്ഞാ ചടങ്ങളിൽ പങ്കെടുക്കാൻ ദണ്ഡപാണിയും ഞാനും കുടുംബങ്ങളോടൊപ്പം സിക്കിമിൽ പോയതോടെയാണ് സുഹൃദ്ബന്ധം കൂടുതൽ ദൃഢമായത്. മൂന്നു ദിവസം ഒരുമിച്ചുണ്ടായിരുന്നു. സരസമായ പെരുമാറ്റവും അദ്ദേഹത്തിന്റെ തമാശകളും ആ യാത്രയെ അത്രയേറെ ആസ്വാദ്യകരമാക്കി.

കെ.പി.ദണ്ഡപാണിയുടെ വിയോഗം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മാത്രം നഷ്ടമല്ല. നീതിന്യായരംഗത്തെ ഗൗരവമായി ബഹുമാനപൂർവം വീക്ഷിക്കുന്ന ഏതൊരാളുടേയും നഷ്ടമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ദണ്ഡപാണിക്ക്, പ്രിയ സുഹൃത്തിന് പ്രണാമം.

Advertisement
Advertisement