വ്രതശുദ്ധിയുടെ ആത്മഹർഷം

Wednesday 22 March 2023 12:00 AM IST

പരിശുദ്ധ ഖുർ - ആന്റെ അവതരണത്താൽ അനുഗ്രഹീതമായ വിശുദ്ധമാസമാണ് റംസാൻ. മാനവ സമൂഹത്തിന് മാർഗദർശനം (നേർവഴി) കാട്ടാനും സത്യത്തെയും അസത്യത്തെയും വേർതിരിച്ച് വിശദീകരിക്കാനും വേണ്ടിയാണ് ഖുർ - ആൻ അവതരിച്ചത്.

ഒരു കൊല്ലത്തിൽ ഒരു മാസമത്രയും വ്രതം അനുഷ്ഠിക്കണമെന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ കല്പനയാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇസ്ളാമിൽ നിർബന്ധമായി അനുഷ്ഠിക്കേണ്ട അഞ്ച് കർമ്മങ്ങളുണ്ട്.

1. ശഹാദത്ത് അഥവാ സത്യസാക്ഷ്യം (സ്രഷ്ടാവിന്റെ അസ്ഥിത്വം അംഗീകരിക്കുക).

2. ദിവസേന അഞ്ച് നിശ്ചിതസമയ നമസ്കാരം

3. സാമ്പത്തിക തോതനുസരിച്ച് വർഷം പൂർത്തിയാകുമ്പോൾ നൂറ്റിനു രണ്ടരശതമാനം എന്ന കണക്കിൽ സക്കാത്ത് നല്‌കൽ.

4. റംസാൻ മാസം പകൽ മുഴുവൻ വ്രതം അനുഷ്ഠിക്കൽ.

5. ജീവിതത്തിൽ ഒരിക്കൽ വിശുദ്ധ മക്കയിൽ പോയി ഹജ്ജ് കർമ്മം നിർവഹിക്കൽ.

ശാന്തിയുടേയും സമാധാനത്തിന്റെയും ക്ഷമയുടെയും പശ്ചാത്താപത്തിന്റെയും മാസമായ റംസാൻ നരകമോചനത്തിനും സ്വർഗപ്രവേശനത്തിനും ശുഭപ്രതീക്ഷ നൽകുന്നു.

വ്രതശുദ്ധിയുടെ ആത്യന്തികലക്ഷ്യം ഹൃദയ സംസ്കരണമാണ്. ശരീരവും മനസും അഴുക്കുപിടിച്ചാൽ ശുദ്ധിവരുത്താം എന്നാൽ ഹൃദയത്തിന് സംഭവിക്കുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ ഭൗതികതയിൽ മാനങ്ങളില്ല. അതിന് ആത്മീയ മാർഗമാണ് അവലംബിക്കേണ്ടത്.

ഹൃദയശുദ്ധിയിൽ ഒന്നാമത്തേത് ഏകദൈവ വിശ്വാസമാണ്. അല്ലാഹു അഖില ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്നവനും സംരക്ഷിക്കുന്നവനുമാണെന്നും സർവജീവജാലങ്ങളുടേയും ജനനവും മരണവും അടക്കം മുഴുവൻ സംഗതികളും ആ ഏകദൈവത്തിന്റെ മാത്രം കരങ്ങളിൽ അർപ്പിതമാണെന്നുമുള്ള വിശ്വാസത്തിൽ ഒരിക്കലും കളങ്കം ചേർക്കരുത്.

ദൈവത്തിന് പങ്കുകാരെയും സമന്മാരെയും കല്പിക്കുന്നതിൽ നിന്നും തന്റെ വിശ്വാസത്തെ പരിശുദ്ധമാക്കി വയ്ക്കുക . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസത്തെ ദുഷിപ്പിക്കുന്നതും ഹൃദയത്തെ അശുദ്ധമാക്കുന്നതുമാണ്.

അസൂയ,​കുശുമ്പ്, പക, വിദ്വേഷം, വെറുപ്പ്, കാപട്യം, അഹങ്കാരം, പൊങ്ങച്ചം, സ്വാർത്ഥത, ചതി, വഞ്ചന തുടങ്ങിയവയും മനുഷ്യഹൃദയത്തെ അശുദ്ധമാക്കുന്നു . ഇതിൽ നിന്നെല്ലാം മോചനത്തിനും ശരീരത്തെയും ഹൃദയത്തെയും ഒരുപോലെ ശുദ്ധമാക്കാനും വേണ്ടിയുള്ള മാർഗമായാണ് വ്രതാനുഷ്ഠാനം കൊണ്ട് ഇസ്ളാം ലക്ഷ്യമാക്കുന്നത്.

ഒാരോ നോമ്പുകാരന്റെയും അനുഷ്ഠാനം പൂർത്തീകരിക്കേണ്ടത് നിഷ്‌കളങ്കമായ വിശ്വാസം, കാപട്യമില്ലാത്ത കർമ്മങ്ങൾ, ധ്യാനം, പ്രാർത്ഥന, ദാനധർമ്മങ്ങൾ, സത്യഭാഷണം, സദ്‌വിചാരം, അനുകമ്പ, ഉദാരമനസ്കത, ദയ, വിട്ടുവീഴ്ച എന്നിവയിലൂടെയാണ്. റംസാന്റെ രാത്രികൾ നോമ്പിന്റെ ക്ഷീണം മറന്ന് വിശ്രമം കുറച്ച് നമസ്കാരത്തിലും ഖുർ-ആൻ പാരായണത്തിലും ദീർഘമായ പ്രാർത്ഥനകളിലും മുഴുകി വിശ്വാസി ഹൃദയത്തെ പരിശുദ്ധമാക്കുക. വിഷമങ്ങളും പ്രയാസങ്ങളും കുറയ്ക്കാനും പ്രാർത്ഥനയിലൂടെ സാധിക്കും. ഇത്തരം സംസ്കരണത്തിലൂടെ റംസാനിൽ നേടിയെടുത്ത ആത്മചൈതന്യം തുടർജീവിതത്തിലും ജീവസുറ്റതായി നിലനിറുത്തുക. ഇൗ ശുദ്ധീകരണത്തിന് വിശ്വാസവും പ്രവൃത്തിയും നന്നാക്കി വിചാരവികാരങ്ങളെയും ദേഹേച്ഛകളെയും നിയന്ത്രിക്കണം.

മറ്റുള്ളവരുടെ വേദനയും വിഷമവും തന്റേതാണെന്ന് കരുതാനും അവരുടെ സന്തോഷത്തിലും വിജയത്തിലും പങ്കുചേരാനും കഴിയാതെ വന്നാൽ ഹൃദയം ദൈവിക പ്രകാശം കടന്നുചെല്ലാത്ത അന്ധകാര മുറിയായിത്തീരും.

ഇൗ റംസാനിൽ വ്രതശുദ്ധിയാൽ മാനസിക സന്തോഷവും സമാധാനവും കൈവരിക്കാൻ നമുക്ക് ഓരോരുത്തർക്കും സാദ്ധ്യമാകട്ടെ.

(കേരള മുസ്ളിം ജമാ അത്ത് ഉലമാ ചെയർമാനാണ് ലേഖകൻ )

Advertisement
Advertisement