കണ്ണൂർ സെന്റ് അഞ്ചലോസ് ഫോർട്ട് ലൈറ്റ്‌ ആന്റ്സൗണ്ട്‌ ഷോ അഴിമതി: വിജിലൻസ്‌ കേസെടുത്തു

Tuesday 21 March 2023 9:48 PM IST

കണ്ണൂർ : കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ 3.58 കോടി രൂപ ചെലവഴിച്ച് 2016ൽ ലൈറ്റ്‌ ആന്റ് സൗണ്ട്‌ ഷോ നടത്തിയതിൽ അഴിമതിയാരോപിച്ച് വിജിലൻസ്‌ കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന സജി വർഗീസ്‌, പദ്ധതിയുമായി ബന്ധപ്പെട്ട കിറ്റ്‌കോ ഉദ്യോഗസ്ഥർ, കരാറുകാരായ കൃപ ടെൽകോം, സിംപോളിൻ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ അധികൃതർ എന്നിവരെ പ്രതിചേർത്താണ്‌ കേസ്‌. ഡിവൈ.എസ്‌.പി ബാബു പെരിങ്ങേത്തിനാണ് അന്വേഷണച്ചുമതല.

പദ്ധതി നടപ്പിലാക്കുന്നതിന്‌ മുൻകൈയെടുത്ത അന്നത്തെ കണ്ണൂർ എം.എൽ.എയും ഇപ്പോഴത്തെ ബി.ജെ.പി ദേശീയ വൈസ്‌ പ്രസിഡന്റുമായ എ.പി അബ്ദുള്ളക്കുട്ടിയെയടക്കം നിരവധി പേരെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ്‌ ചോദ്യം ചെയ്‌തിരുന്നു. 2016 ഫെബ്രുവരി 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്‌ ഉദ്ഘാടനം ചെയ്‌തത്.

നേരിട്ട്‌ നിർമ്മാണച്ചുമതല ലഭിച്ച കിറ്റ്‌കോ ബംഗളൂരുവിലെ കൃപ ടെൽകോമിനാണ്‌ ഉപകരാർ നൽകിയത്‌. ടെൻഡർ നടപടികളിൽപ്പോലും പങ്കാളിയല്ലാതിരുന്ന സിംപോളിൻ എന്ന കമ്പനിക്ക്‌ കൃപ നിർമ്മാണച്ചുമതല മറിച്ചുനൽകി. ടെൻഡറിൽ കുറഞ്ഞ തുക കാണിച്ച കമ്പനിയെ ഒഴിവാക്കി കൂടുതൽ തുക കാണിച്ച കൃപയ്‌ക്ക്‌ കരാർ നൽകുന്നതിന്‌ അവരുടെ പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയുമായിരുന്നു മാനദണ്ഡമായി നിരത്തിയത്‌. എന്നാൽ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന ഒരു ഘട്ടത്തിലും നടത്തിയില്ല. ഗുണനിലവാരം തീരെയില്ലാത്ത ഉപകരണങ്ങളാണ്‌ സജ്ജീകരിച്ചതെന്നും വിജിലൻസ്‌ കണ്ടെത്തി.

Advertisement
Advertisement