ആദ്യം ബിഗ് ബ്രദർ, പിന്നീട് കാപ്പാനും മരയ്ക്കാറും, മോഹൻലാലിന്റെ തീരുമാനത്തിന് പിന്നിലെ കാരണമിതാണ്
മെഗാ താരം മോഹൻലാൽ ചൈനയിലേക്ക്. ഓണം റിലീസായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിംഗിനായി ജൂലായ് ഒന്നിന് ചൈനയിലേക്ക് പറക്കുന്ന മോഹൻലാൽ പതിനൊന്നിന് തിരിച്ചെത്തും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് നവാഗതരായ ജിബിയും ജോജുവും രചനയും സംവിധാനവും നിർവഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിംഗ് ഇപ്പോൾ എറണാകുളത്തും ആലപ്പുഴയിലുമായി പുരോഗമിക്കുകയാണ്. ചൈന ഷെഡ്യൂളിന് ശേഷം ജൂലായ് 12, 13, 14 തീയതികളിൽ എറണാകുളത്ത് ഇട്ടിമാണിയുടെ ചിത്രീകരണമുണ്ട്. പതിനാലിന് ചിത്രം പായ്ക്കപ്പാകും.
പതിനൊന്നിന് എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന സിദ്ദിഖിന്റെ ബിഗ് ബ്രദറിൽ മോഹൻലാൽ പതിനാറാം തീയതി ജോയിൻ ചെയ്യും. ഒറ്റ ദിവസം അഭിനയിച്ച ശേഷം മോഹൻലാൽ തമിഴ് ചിത്രമായ കാപ്പാന്റെയും മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെയും ഡബ്ബിംഗ് പൂർത്തിയാക്കും.പതിനേഴിന് കർക്കടകം തുടങ്ങുന്നതിനാലാണ് പതിനാറാം തീയതി ഒരു ദിവസം ബിഗ് ബ്രദറിൽ അഭിനയിക്കാൻ മോഹൻലാൽ തീരുമാനിച്ചത്. കാപ്പാന്റെയും മരയ്ക്കാറിന്റെയും ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം മോഹൻലാൽ വീണ്ടും ബിഗ് ബ്രദറിൽ അഭിനയിച്ച് തുടങ്ങും.