ആറാട്ടുപുഴ പൂരം ചമയങ്ങൾ ഒരുങ്ങി; സമർപ്പണം 27ന്

Wednesday 22 March 2023 12:40 AM IST

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകൾക്കാവശ്യമായ ചമയം ഒരുങ്ങി. പുഷ്പദീപങ്ങളാൽ അലംകൃതമായ ശാസ്താവിന്റെ തിരുനടയിൽ 27ന് വൈകീട്ട് അഞ്ച് മുതൽ ചമയങ്ങൾ സമർപ്പിച്ചു തുടങ്ങും.

വിവിധ വലുപ്പത്തിലുള്ള കോലങ്ങൾ, പട്ടുകുടകൾ, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങൾ, വക്കകൾ, മണിക്കൂട്ടങ്ങൾ, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതിയതായി ഒരുക്കുന്ന ചമയങ്ങളുടെ നിർമ്മാണവും പൂർത്തിയായി. കുടയുടെ ഒറ്റൽ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്.

സ്വർണ്ണം മുക്കൽ ചേർപ്പ് കെ.എ. ജോസും തുന്നൽ തൃശൂർ വി.എൻ. പുരുഷോത്തമനും, മണിക്കൂട്ടം, കുടയുടെ മകുടങ്ങൾ എന്നിവ മിനുക്കിയതിൽ പെരിങ്ങാവ് ഗോൾഡിയുടെ രാജനും വിവിധ തരം വിളക്കുകൾ, കൈപ്പന്തത്തിന്റെ നാഴികൾ എന്നിവ പോളിഷിംഗിൽ ഇരിങ്ങാലക്കുട ബെൽവിക്‌സ് എന്ന സഹകരണ സ്ഥാപനവും ചുമതലക്കാരായിരുന്നു.

ആലവട്ടം, ചാമരം എന്നിവ എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്. തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കൈപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങൾ എന്നിവയും ഈ സമയത്ത് ശാസ്താവിന് സമർപ്പിക്കും.