ആചാരപ്പെരുമയും മേളവിസ്മയവും ആനച്ചന്തവും... ദേവസംഗമത്തിന് ഒരുങ്ങി ആറാട്ടുപുഴ

Wednesday 22 March 2023 12:33 AM IST

  • ഇത് 1441-ാം പൂരം

തൃശൂർ: മുപ്പത്തിമുക്കോടി ദേവകളുടെ സംഗമത്തിന് സാക്ഷിയാകാൻ ആറാട്ടുപുഴ പൂരപ്പാടം ഒരുങ്ങുന്നു. ആചാരപ്പെരുമയും ആനച്ചൂരും മേളപ്പെരുക്കവും തീവെട്ടി ശോഭയും ഒപ്പം പുരുഷാരവും ചേരുമ്പോൾ ദേവമേള വ്യത്യസ്തമാകും.

ആതിഥേയനായ ആറാട്ടുപുഴ ക്ഷേത്രത്തിലും പങ്കാളി ക്ഷേത്രങ്ങളിലും അതോടൊപ്പം ആറാട്ടുപുഴ പൂരത്തിന്റെ ഒരുക്കം വിലയിരുത്തുന്ന പൂരമായ പെരുവനത്തും ഒരുക്കങ്ങൾ സജീവം. ആറാട്ടുപുഴ പൂരത്തിൽ നിലവിൽ 24 ക്ഷേത്രങ്ങളാണ് പങ്കാളികൾ. 1441-ാം പൂരമാണ് ഇത്തവണത്തേത്.

28ന് നടക്കുന്ന മകീര്യം പുറപ്പാടോടെ ചടങ്ങുകൾക്ക് തുടക്കമാകും. ഏപ്രിൽ മൂന്നിനാണ് പൂരം. പൂരം ദിവസം വടക്കുന്നാഥ ക്ഷേത്രത്തിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും അടക്കം നേരത്തെ നട അടയ്ക്കും. പൂരത്തിൽ പങ്കെടുക്കുന്ന ദേവീദേവൻമാർ എല്ലാവരും പുറപ്പാട് കഴിഞ്ഞാൽ എല്ലാ ദിവസവും ഗ്രാമപ്രദക്ഷിണം നടത്തും.

  • ആതിഥേയൻ ആറാട്ടുപുഴ ശാസ്താവ്

ദേവസംഗമത്തിന്റെ ആതിഥേയൻ ആറാട്ടുപുഴ ശാസ്താവാണ്. മകീര്യം പുറപ്പാട് ദിവസം കൊടിയേറ്റം കഴിഞ്ഞ് തുടർന്നുള്ള ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണവും ആറാട്ടുപുഴ പൂരം കഴിഞ്ഞ് അതിഥികൾക്ക് ഉപചാരം നൽകി വൈകീട്ട് ഗ്രാമബലിയും കഴിയുന്നതോടെയാണ് ശാസ്താവിന്റെ പൂരചടങ്ങുകൾ സമാപിക്കുക.

  • നെടുനായകത്വം തൃപ്രയാർ തേവർക്ക്

പൂരത്തിലെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് തൃപ്രയാർ തേവരാണ്. 28ന് ആചാരപ്പെരുമ നിറഞ്ഞ മകീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെയുള്ള ദിവസങ്ങളിലാണ് തേവരുടെ പൂരച്ചടങ്ങുകൾ. പൂരം ദിവസം തീവ്രനദി സ്വന്തം പള്ളിയോടത്തിൽ കടന്ന് രജകീയ അകമ്പടിയോടെയാണ് തേവർ ആറാട്ട് പുഴയിലേക്ക് യാത്രയാകുക.

പൂരത്തിലെ മറ്റ് ക്ഷേത്രങ്ങൾ

  • ഊരകത്തമ്മ തിരുവടി
  • ചേർപ്പ് ഭഗവതി
  • ചാത്തക്കുടം ശാസ്താവ്
  • അന്തിക്കാട് ഭഗവതി
  • തൊട്ടിപ്പാൾ ഭഗവതി
  • പിഷാരിക്കൽ ഭഗവതി
  • എടക്കുന്നി ഭഗവതി
  • അയ്യുന്ന് ഭഗവതി
  • തൈക്കാട്ടുശേരി ഭഗവതി
  • കടുപ്പശേരി ഭഗവതി
  • ചൂരക്കോട് ഭഗവതി
  • പൂനിലാർക്കാവ് ഭഗവതി
  • ചാലക്കുടി പിഷാരിക്കൽ ഭഗവതി
  • ചക്കംകുളങ്ങര ശാസ്താവ്
  • കോടന്നൂർ ശാസ്താവ്
  • നാങ്കുളം ശാസ്താവ്
  • ശ്രീമാട്ടിൽ ശാസ്താവ്
  • നെട്ടിശേരി ശാസ്താവ്
  • കല്ലേലി ശാസ്താവ്
  • ചിറ്റിച്ചാത്തകുടം ശാസ്താവ്
  • മേടംകുളം ശാസ്താവ്
  • തിരുവുള്ളക്കാവ് ശാസ്താവ് (ഉത്രം നാളിൽ, ഗ്രാമബലിക്ക്)

  • മേളത്തിലാറാടിക്കാൻ പെരുവനം പൂരം

മേളാസ്വാദകരുടെ ഓണക്കാലമാണ് 31ന് നടക്കുന്ന പെരുവനം പൂരം. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന ദേവീദേവൻമാരിൽ 18 പേർ ഇവിടെയും പങ്കെടുക്കും. ഇതിൽ നെട്ടിശേരി ശാസ്താവിന്റെ നായകത്വത്തിൽ നാങ്കുളം ശാസ്താവ്, കോടന്നൂർ ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, മേടംകുളം ശാസ്താവ്, ചിറ്റിചാത്തകുടം ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കല്ലേലി ശാസ്താവ്, മാട്ടിൽ ശാസ്താവ്, എടക്കുന്നി ഭഗവതി, തൈക്കാട്ടശേരി ഭഗവതി എന്നി 11 ദേവിദേവൻമാർ വടക്കെനടയിൽ അണിനിരന്നുള്ള കൂട്ടിയെഴുന്നള്ളിപ്പും നടക്കും,

പിടിക്കപ്പറമ്പ് ആനയോട്ടം ഏപ്രിൽ രണ്ടിന്

രാവിലെ ഏഴിന് ആറാട്ടപുഴ ശാസ്താവ് പിടിക്കപ്പറമ്പിലെത്തി പൂരപ്പാടത്തിന് സമീപം വടക്കോട്ട് തിരിഞ്ഞും ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് അഭിമുഖമായി നിലപാട് നിൽക്കുന്നതോടെയാണ് പിടിക്കപറമ്പ് ആനയോട്ടം ആരംഭിക്കുക.

തറയ്ക്കൽ പൂരം

ഏപ്രിൽ രണ്ടിന് സന്ധ്യക്ക് മേളവിസ്മയം ചൊരിയുന്നതാണ് തറയ്ക്കൽ പൂരം. ഒമ്പത് ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായാണ് ശാസ്താവിന്റെ തറയ്ക്കൽ പൂരം. മേളത്തോടെ ഊരകത്തമ്മയും പഞ്ചവാദ്യത്തോടെ തൊട്ടിപ്പാൾ ഭഗവതിയും പൂരത്തിനെത്തും.

ആറാട്ടുപുഴ പൂരം മൂന്നിന്

ആതിഥേയനായ ശാസ്താവ് തൊട്ടിപ്പാൾ ഭഗവതിയുടെ പകൽപ്പൂരത്തിൽ പങ്കെടുത്ത് വൈകീട്ട് തിരിച്ചെത്തിയ ശേഷം പൂജകൾക്ക് ശേഷം 15 ആനകളോടെ പുറത്തേക്ക് ഇറങ്ങുന്നതോടെയാണ് ഭൂമിയിലെ ദേവമേളയ്ക്ക് തുടക്കമാകുക. തുടർന്ന് ദേവീദേവൻമാർ പൂരപ്പാടത്തേക്ക് പരിവാരങ്ങളുമായെത്തും. തേവർ കൈതവളപ്പിൽ എത്തിയോയെന്ന് അറിയാൻ ശാസ്താവ് ഏഴുകണ്ടം വരെ പോയി തിരിച്ചെത്തിയാൽ എടുക്കുന്നി ഭഗവതിയുടെ സാന്നിദ്ധ്യത്തിൽ ചാത്തക്കുടം ശാസ്താവിന് നിലപാട് നിൽക്കാനുള്ള ഉത്തരവാദിത്വം എൽപ്പിച്ച് ശാസ്താവ് ക്ഷേത്രത്തിലേക്ക് പോകും.

തേവർ കൈതവളപ്പിൽ എത്തി പഞ്ചവാദ്യവും മേളവും കഴിഞ്ഞ് പന്തലിൽ എത്തുന്നതോടെ ഇടതു ഭാഗത്ത് ശാസ്താവും ഊരകത്തമ്മയും വലത് ചേർപ്പ് ഭഗവതിയും അണിനിരക്കുന്നതോടെയാണ് കൂട്ടിയെഴുന്നള്ളിപ്പ്.