പ്രദർശന മത്സരവും ഏകദിന സെമിനാറും
തിരുവനന്തപുരം : ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരവും ഏകദിന സെമിനാറും സംഘടിപ്പിക്കും.ഇന്ന് രാവിലെ 10ന് മസ്കറ്റ് ഹോട്ടലിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ചെറുധാന്യ ഭക്ഷ്യവിഭവ പ്രദർശന മത്സരത്തിൽ വിജയികളാകുന്നവർക്കും ചെറുധാന്യ ഭക്ഷ്യവിഭവ മേള സ്കൂൾ തലത്തിൽ മാതൃകാപരമായി സംഘടിപ്പിച്ച തൃശൂർ എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിനുമുള്ള പുരസ്കാരം മന്ത്രി വിതരണം ചെയ്യും.രാവിലെ ആറിന് കനകക്കുന്ന് കൊട്ടാരവളപ്പിൽ നിന്നും തുടങ്ങുന്ന വാക്കത്തോൺ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഡോ.വീണ എൻ. മാധവൻ ഫ്ളാഗ് ഒഫ് ചെയ്യും.വൈകിട്ട് നാലു മുതൽ ഒമ്പതു വരെ കിഴക്കേക്കോട്ട ഗാന്ധിപാർക്ക് മൈതാനത്ത് ചെറുധാന്യ വിഭവങ്ങളുടെ പ്രദർശനവും വീഡിയോ പ്രദർശനവും നടക്കും.