തൂക്കുകയറിന് പകരമെന്ത്? വേണം വേദനയില്ലാത്ത വധശിക്ഷ, കേന്ദ്രത്തോട് സുപ്രീംകോടതി

Wednesday 22 March 2023 4:10 AM IST

ന്യൂഡൽഹി : തൂക്കിക്കൊല്ലുന്നതിനു പകരം,​ വേദനയില്ലാതെ വേഗത്തിൽ മരണം ഉറപ്പാക്കുന്ന കൂടുതൽ മാനുഷികമായ വധശിക്ഷാരീതികൾ പഠിച്ച് അറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം.

തൂക്കിക്കൊല ക്രൂരവും മനുഷ്യത്വ ഹീനവും ആയതിനാൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഋഷി മൽഹോത്ര 2017ൽ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി. എസ് നരസിംഹയും ഉൾപ്പെട്ട ബെഞ്ചിന്റെ നിർദ്ദേശം. ആധുനിക ശാസ്‌ത്ര സാങ്കേതിക യുഗത്തിൽ തൂക്കുകയറാണോ മികച്ച വധശിക്ഷാരീതിയെന്ന് കേന്ദ്രസർക്കാർ അറിയിക്കണം. കൂടുതൽ മാന്യമായ ബദൽ രീതികൾ കേന്ദ്രം പഠിച്ചിട്ടില്ലെങ്കിൽ അതിനായി കോടതി സമിതി രൂപീകരിക്കാം. നിയമ സർവകലാശാലകളിലെ വിദഗ്ദ്ധർ,​ എയിംസിലെ ഡോക്‌ടർമാർ,​ ശാസ്ത്ര വിദഗ്ദ്ധർ തുടങ്ങിയവർ സമിതിയിൽ ഉണ്ടാവും. വേണമെങ്കിൽ കേന്ദ്രത്തിനും സമിതി രൂപീകരിക്കാമെന്നും കോടതി പറ‍ഞ്ഞു.

തൂക്കിക്കൊല്ലപ്പെടുന്ന പ്രതികൾക്ക് പരിക്കേൽക്കുന്നുണ്ടെന്നും മരണത്തിന് മിനിട്ടുകൾ എടുക്കുമെന്നും ബോധിപ്പിച്ച ഹർജിക്കാരൻ, വിഷം കുത്തിവയ്‌ക്കൽ, വെടിവച്ച് കൊല്ലൽ, വൈദ്യുതിക്കസേര തുടങ്ങിയ രീതികൾ ആലോചിക്കണമെന്നും അഭ്യർത്ഥിച്ചു.

അമേരിക്കയിലെ വധശിക്ഷാരീതിയായ വിഷം കുത്തിവയ്‌ക്കുന്നതും വേദനാജനകമാണെന്ന് ബെഞ്ച് പറഞ്ഞു. വിഷം കുത്തിവച്ചാലുടൻ മരണം സംഭവിക്കുന്നില്ല. അത്യധികം വേദനയാണ് വ്യക്തി അനുഭവിക്കുന്നത്. ഇതേപ്പറ്റി കേന്ദ്രം പഠിച്ചിട്ടുണ്ടോ. ഏത് രാസവസ്‌തുവാണ് ഉപയോഗിക്കേണ്ടത് - ചീഫ് ജസ്റ്റിസ് ചോദിച്ചു.

പട്ടാള ഏകാധിപത്യ ഭരണകൂടങ്ങൾ വെടിവച്ചു വധ ശിക്ഷ നടപ്പാക്കാറുണ്ട്. അവർക്കത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള രീതിയാണ്. അതും മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതാണ്. വേണമെങ്കിൽ തൂക്കുകയർ തന്നെയാണ് മികച്ച വധശിക്ഷാരീതിയെന്ന നിഗമനത്തിലേക്കും കോടതിക്ക് എത്തിച്ചേരാം. അതിനു പഠനങ്ങളുടെ അടിത്തറ വേണമെന്ന് പറഞ്ഞ കോടതി,​ വിശദമായി പരിഗണിക്കാൻ മേയ് രണ്ടിലേക്ക് മാറ്റി.

2018​ൽ​ ​കേ​ന്ദ്രം​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​തൂ​ക്കി​ക്കൊ​ല​യെ​ ​സാ​ധൂ​ക​രി​ച്ചി​രു​ന്നു.​ ​മ​റ്റ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​രീ​തി​ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഹർജിക്കാരന്റെ വാദങ്ങൾ

1.തൂക്കുകയർ വിധിക്കപ്പെട്ടവർക്ക് വേദന കുറഞ്ഞ വധശിക്ഷ നൽകണം

2. ഇന്ത്യയിലെ വധശിക്ഷാരീതി ക്രൂരവും മനുഷ്യത്വരഹിതവുമാണ്

3. വെടിവച്ചോ​ വിഷം കുത്തിവച്ചോ വൈദ്യുതിക്കസേരവഴിയോ നടപ്പാക്കണം

4.തൂക്കുകയർ ക്രൂരവും​ ഒട്ടേറെ രാജ്യങ്ങൾ ഉപേക്ഷിച്ചതുമാണെന്ന് ലോ കമ്മിഷൻ റിപ്പോർട്ടിലുണ്ട്

കേന്ദ്രം അറിയിക്കേണ്ടത്

1.വേദന കുറഞ്ഞ വധശിക്ഷാരീതി

2.തൂക്കുകയറാണോ മികച്ച രീതി

3.മാനുഷികമായ ബദൽ രീതികളുണ്ടോ
4.തൂക്കിക്കൊല്ലുമ്പോഴുള്ള വേദന,​ മരണത്തിനെടുക്കുന്ന സമയം

5.മറ്റു രാജ്യങ്ങളിലെ വധശിക്ഷാ രീതികൾ

1982ലെ ചരിത്രവിധി

ക്രമിനൽ നടപടിച്ചട്ടം 354(5) പ്രകാരം വധ ശിക്ഷ നടപ്പാക്കേണ്ടത് മരണം വരെ തൂക്കിലേറ്റിയാണ്. ഈ വകുപ്പിന്റെ ഭരണഘടനാ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. 1982ൽ ബച്ചൻ സിംഗ് - പഞ്ചാബ് സർക്കാർ കേസിൽ അഞ്ചംഗ ബെഞ്ച് ഈ വകുപ്പിന്റെ ഭരണഘടനാ സാധുത ( 4 - 1 )​ശരിവച്ചിരുന്നു.

വേദന ഇല്ലാത്ത വധശിക്ഷയെപ്പറ്റി 1983നു ശേഷം ശാസ്‌ത്രീയ പഠനം നടന്നിട്ടുണ്ടോ എന്ന് കോടതി ഇന്നലെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് ആരാഞ്ഞു.

വേ​ദ​ന​ര​ഹി​​​ത​മാ​യ​ ​മ​ര​ണ​മാ​ണ് ​ന​ല്ല​ത്.​ ​കൊ​ല​പ്പു​ള്ളി​​​ ​അ​റി​​​യാ​തെ,​ ​ഭ​ക്ഷ​ണ​ത്തി​​​ലൂ​ടെ​ ​വി​​​ഷം​ ​ന​ൽ​കി​​​യോ​ ​മ​റ്റോ​ ​വ​ധ​ശി​​​ക്ഷ​ ​ന​ട​പ്പാ​ക്കി​​​യാ​ലും​ ​കു​ഴ​പ്പ​മി​​​ല്ല.​ ​മാ​ന​സി​​​ക​ ​സ​മ്മ​ർ​ദ്ദ​വും​ ​ഭ​യ​വും​ ​ഒ​ഴി​​​വാ​ക്കാ​നാ​കും.
-​ ​ജ​സ്റ്റി​​​സ് ​പി​​.​എ​സ്.​ ​ഗോ​പി​​​നാ​ഥ​ൻ,
ഹൈ​ക്കോ​ട​തി​ ​മു​ൻ​ ​ജ​ഡ്ജി

Advertisement
Advertisement