രാജ്യദ്രോഹക്കുറ്റം ചുമത്തിയ സൗദി വംശജനായ യു.എസ് പൗരന് മോചനം
- റിയാദ്: ഒരു വർഷമായി തടവിൽ കഴിയുന്ന സൗദി വംശജനായ യു.എസ് പൗരൻ സാദ് ഇബ്രാഹിം അൽമാദിയെ (72) സൗദി അറേബ്യ മോചിപ്പിച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലായിരിക്കെ സൗദി ഭരണാധികാരികൾക്കെതിരെ നടത്തിയ ട്വീറ്റുകളിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. രാജ്യത്ത് അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദികളെ പിന്തുണയ്ക്കുകയും പണം നൽകി സഹായിക്കുകയും ചെയ്തുവെന്നതാണ് കുറ്റം. 14ഒാളം ട്വീറ്റുകളാണ് തെളിവായി എടുത്തത്. കഴിഞ്ഞ നവംബറിൽ കുടുംബാംഗങ്ങളെ കാണാനായി റിയാദിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. 16 വർഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം അപ്പീൽ പോയതോടെ ശിക്ഷ 19 വർഷമായി ഉയർത്തുകയാണുണ്ടായത്. എന്നാൽ, പൊടുന്നനെ അൽമാദിയുടെ മോചനത്തിനുള്ള കാരണത്തെക്കുറിച്ച് യു.എസ് അധികൃതരോ സൗദി അധികൃതരോ പ്രതികരിച്ചിട്ടില്ല.
അതേസമയം, അൽമാദിയുടെ മകൻ ഇബ്രാഹിം മോചനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടുണ്ട്. റിയാദിലെ കുടുംബീട്ടിൽ അൽമാദി എത്തിച്ചേർന്നെങ്കിലും യു.എസിലേക്ക് എന്ന് മടങ്ങാനാവുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അറിയിച്ചു. എല്ലാ കുറ്റങ്ങളിൽ നിന്നും വിടുതൽ ചെയ്തെങ്കിലുംയാത്രാവിലക്ക് നീക്കിയിട്ടില്ല. അതിനായി നിയമനടപടികൾ തുടരേണ്ടി വരും. 16 വർഷത്തെ യാത്രാവിലക്കാണ് ഉള്ളത്.
ട്വീറ്റുകളിലെ ഉള്ളടക്കം
സൗദിയിലെ പട്ടിണിയെക്കുറിച്ചുള്ള ആശങ്ക, മക്കയിലെയും ജദ്ദയിലെയും
പുരാതനമായ കെട്ടിടങ്ങൾ ഇടിച്ചു കളയുന്നതിനെ വിമർശിക്കുന്നത് കൂടാതെ സൗദി പത്രപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തെക്കുറിച്ചും ട്വീറ്റുകളിൽ പ്രതിപാദിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലായിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിച്ചപ്പോൾ സൗദിയിൽ ജയിലുകളിൽ കഴിയുന്നവരെക്കുറിച്ചും യാത്രാവിലക്ക് നേരിടുന്നവരെക്കുറിച്ചും സൽമാൻ രാജാവുമായും രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായും ചർച്ച നടത്തിയിരുന്നു.
സൗദി ഫ്രീഡം ഇനിഷ്യേറ്റീവ് ഡയറക്ടറായ അബ്ദുള്ള അലൗദ് പറയുന്നത് അൽമാദി ശിക്ഷിക്കപ്പെടാനിടയായത് നിയമപരമായ ചില പിഴവ് മൂലമാണെന്നും മകൻ ഇബ്രാഹിമിന്റെ നിരന്തരമുള്ള കാമ്പെയിനും അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ നിന്നുമുള്ള സമ്മർദ്ദവുമാണ് മോചനത്തിന് കാരണമെന്നുമാണ്. നിരവധി പേർ സമാനകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ട്. എന്നാൽ, അവർക്കൊന്നും യു.എസ് പൗരൻമാരെന്ന പരിഗണന ലഭിക്കുന്നില്ലെന്നും അലൗദ് പറഞ്ഞു.
അൽമാദിയുടെ മോചനം വ്യക്തമാക്കുന്നത് യു.എസ് അധികൃതരുടെ തന്ത്രപരമായ സമ്മർദ്ദം ഫലം കണ്ടുവെന്നതാണ്.
കഴിഞ്ഞ ആഗസ്റ്റിൽ നൗറ അൽ ഖതാനി എന്ന അഞ്ചു മക്കളുടെ മാതാവിന് 45 വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചതെന്ന് ആക്റ്റിവിസ്റ്റുകൾ പറഞ്ഞു. അജ്ഞാത ട്വീറ്റുകളിലൂടെ രാജ്യത്തെ നിയമ സംവിധാനത്തെ വിമർശിച്ച് രാജ്യം ശിഥിലമാക്കാൻ ശ്രമിച്ചുവെന്നതാണ് കുറ്റം.
യു.കെയിലെ ലീഡ്സിൽ പഠിക്കുന്ന രണ്ടുമക്കളുടെ അമ്മയായ സൽമ അൽ ഷെഹാബിന് രാജ്യദ്രോഹക്കുറ്റത്തിന് ലഭിച്ചിരിക്കുന്നത് 34 വർഷത്തെ തടവാണ്. ടിറ്ററിൽ 'വ്യാജ തമാശകൾ' പ്രചരിപ്പിച്ചുവെന്നും രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിച്ചവരെ സഹായിച്ചുവെന്നുമാണ് കുറ്റം. അപ്പീൽ നൽകിയെങ്കിലും ഉന്നത കോടതി ശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്.