മർദോക്ക് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു

Wednesday 22 March 2023 12:27 AM IST

ഫ്ളോറിഡ: മാദ്ധ്യമരാജാവ് റുപ്പർട്ട് മർദോക്ക് അഞ്ചാം വി​വാഹത്തി​നൊരുങ്ങുന്നു. സാൻഫ്രാൻസിസ്കോയിലെ മുൻ പൊലീസ് ചാപ്ളെയിൻ ആൻ ലെസ്ലി സ്മിത്താണ് വധു. മർദോക്കിനിപ്പോൾ 92 വയസുണ്ട്. ലെസ്ളി സ്മിത്തിന് 62ഉം. കാലിഫോർണിയയിൽ മർദോക്കിന്റെ വൈൻ യാർഡിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. നാലാം ഭാര്യയായ ജെറി ഹാളുമായി കഴിഞ്ഞ വർഷമാണ് പിരിഞ്ഞത്.

ന്യൂസ് കോർപ് സി.ഇ,ഒ ആയ മർദോക്കിന് 17 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോർബ്‌സ് റിപ്പോർട്ട്. ഫോക്‌സ് ന്യൂസ്, ദ വോൾ സ്ട്രീറ്റ് ജേർണൽ എന്നിങ്ങനെ നിരവധി പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് മർദോക്ക്.

‘എനിക്ക് ഇനിയുമൊരു പ്രണയത്തിൽ വീഴാൻ ഭയമായിരുന്നു. ഇത് അവസാനത്തേതാണ്. അതുകൊണ്ട് തന്നെ സന്തോഷവാനായിരിക്കുക എന്നതാണ് അഭികാമ്യം. ഞാൻ സന്തോഷവാനാണ്’''- മർദോക്ക് പറഞ്ഞു. ബിസിനസുകാരനായിരുന്ന ചെസ്റ്റർ സ്മിത്തിന്റെ ഭാര്യയായിരുന്നു ലെസ്ലി സ്മിത്ത്. 2008 ൽ ചെസ്റ്റർ സ്മിത്ത് മരിച്ചു. 14 വർഷമായി വിധവയായി കഴിഞ്ഞിരുന്ന ലെസ്ലി മർദോക്കിലൂടെയാണ് വീണ്ടും പ്രണയം കണ്ടെത്തുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ‘ഞങ്ങളുടെ ജീവിതത്തിന്റെ സെക്കൻഡ് ഹാഫ് ഒരുമിച്ച് ചെലവഴിക്കാൻ കാത്തിരിക്കുകയാണ്’- മർദോക്ക് പറഞ്ഞു.