സുരക്ഷിത യാത്രയ്ക്ക് ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ്

Wednesday 22 March 2023 12:30 AM IST

തൃശൂർ: കോർപറേഷൻ പരിധിയിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകളിൽ ക്യൂ.ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. ആർ.ടി ഓഫീസിനാണ് നിർവഹണച്ചുമതല. സാങ്കേതിക സഹായം എൻ.ഐ.സി നൽകും. ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ ജില്ലാ കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ സഹായത്തോടെ കോർപറേഷൻ പരിധിയിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകളുടെ വിവരങ്ങളടങ്ങിയ കരട് രേഖ തയ്യാറാക്കി. കളക്ടർ ഹരിത വി. കുമാർ തൃശൂർ കോർപറേഷൻ മേയർ എം.കെ വർഗീസിന് കൈമാറി കരട് രേഖ പ്രകാശനം ചെയ്തു.

ഒരുമാസത്തിനുള്ളിൽ സിറ്റി പെർമിറ്റ് ഓട്ടോറിക്ഷകളുടെ വിവരം പൂർണമായി തയ്യാറാക്കാനും ഓട്ടോറിക്ഷകൾക്ക് സ്റ്റിക്കർ നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ഓട്ടോറിക്ഷകളിൽ പതിപ്പിക്കുന്ന ക്യൂ.ആർ കോഡ് അടങ്ങിയ സ്റ്റിക്കറിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. കളക്ടർ ഹരിത വി. കുമാർ ഓട്ടോത്തൊഴിലാളികൾക്ക് സ്റ്റിക്കർ വിതരണം ചെയ്തു. വാഹനത്തിന്റെ മുൻവശത്തും പിന്നിലും സ്റ്റിക്കർ പതിക്കും.

കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ആർ.ടി.ഒ: കെ.കെ. സുരേഷ്‌കുമാർ, ജോയിന്റ് ആർ.ടി.ഒ: കെ. രാജേഷ്, ഓട്ടോതൊഴിലാളി സംഘടനാ നേതാക്കളായ കെ.വി. ഹരിദാസ്, എ.ടി. ജോസ്, സി.വി. ദേവസ്സി, കെ.എ. മാത്യൂസ്, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ക്യു.ആർ കോഡ് വന്നാൽ

ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ ഓട്ടോറിക്ഷ ഉടമയുടെ പേര്, വാഹന നമ്പർ, പെർമിറ്റ് നമ്പർ, പെർമിറ്റ് കാലാവധി തുടങ്ങിയ വിവരങ്ങൾ ലഭിക്കും. രാത്രി വൈകി തനിച്ചു യാത്ര ചെയ്യുന്നവർക്കും മറ്റും വാഹനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്നത് സഹായകരമാകും. സുരക്ഷിത യാത്രയ്ക്ക് സുപ്രധാന നടപടിയാകും ഇത്.