യുക്രെയിൻ വിഷയത്തിൽ ഷീ പുട്ടിനുമായി ചർച്ച നടത്തി; യുദ്ധം അവസാനിപ്പിക്കാൻ പന്ത്രണ്ടിന പദ്ധതി

Wednesday 22 March 2023 12:34 AM IST

മോസ്കോ: റഷ്യയിൽ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് യുക്രെയിൻ വിഷയത്തിൽ റഷ്യൻ പ്രസന്റ് പുട്ടിനുമായി ചർച്ച നടത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഷീ രണ്ടാം ദിവസത്തെ ചർച്ചയിലാണ് നിർണ്ണായകമായ യുക്രെയിൻ വിഷയം ചർച്ച ചെയ്തത്. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനായി ചൈന തയ്യാറാക്കിയ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പുട്ടിൻ വ്യക്തമാക്കിയിരുന്നു. യുദ്ധം പടിപടിയായി അവസാനിപ്പിക്കുന്നതിനുള്ള പന്ത്രണ്ടിന പദ്ധതിയാണ് ചൈന മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാൽ, യുദ്ധം എപ്രകാരമാണ് അവസാനിപ്പിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

സംഘർഷം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ച ചൈന കഴിഞ്ഞ മാസമാണ് സമാധാന പദ്ധതി മുന്നോട്ടുവച്ചത്. എന്നാൽ, ഇത് റഷ്യൻ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതാണെന്ന് കാട്ടി പാശ്ചാത്യ രാജ്യങ്ങൾ തള്ളിയിരുന്നു. യുക്രെയിൻ മണ്ണിൽ നിന്നുള്ള റഷ്യൻ സൈന്യത്തിന്റെ പൂർണ്ണ പിൻമാറ്റത്തിൽ കുറഞ്ഞ പരിഹാര മാർഗങ്ങളില്ലെന്നാണ് യുക്രെയിന്റെ പക്ഷം.

റഷ്യൻ സന്ദർശനത്തിന് ശേഷം ഷീ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

റഷ്യക്ക് തങ്ങൾ ആയുധങ്ങൾ നൽകാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ട് ചൈന വീണ്ടും തള്ളി. യുക്രെയിനിലെ യുദ്ധ ഭൂമിയിലേക്ക് ആയുധങ്ങൾ നൽകുന്നത് യു.എസ് ആണെന്നും യു.എസ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് അവസാനിപ്പിച്ച് സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യുക്രെയിനിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ പുട്ടിനെതിരെ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെയും ചൈന വിമർശിച്ചു