പദയാത്രയും മുട്ടയേറും

Wednesday 22 March 2023 12:00 AM IST

രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ യാത്രകളുടെ കാലമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യാത്ര കഴിഞ്ഞപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധജാഥയും നടന്നു. രാഹുൽ ഗാന്ധിയുടെ യാത്രയുടെ പ്രചോദനം ഉൾക്കൊണ്ട് ഹാഥ് സേ ഹാഥ് പദയാത്രയുമായി കോൺഗ്രസ് വീണ്ടും റോഡിലിറങ്ങി. പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് ഈ യാത്രകളെല്ലാം. അണികളെ സർവസജ്ജരാക്കുകയാണ് ലക്ഷ്യം.

ജനങ്ങൾ തിരഞ്ഞെടുത്തവരും ജനങ്ങളുടെ നേതാവായവരും ജനങ്ങൾക്കിടയിലൂടെ യാത്രനടത്തുന്നതിന്റെ പൊല്ലാപ്പ് ചെറുതല്ല. റോഡിലൂടെ സാധാരണ ജനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത വിധമാണ് നേതാക്കളടെ യാത്രകളും റാലികളും. ജനങ്ങളെ ബുദ്ധിമുട്ടിച്ചു വേണോ ജനകീയ യാത്രകളെന്ന ചോദ്യം സാധാരണക്കാരിൽ ഉയരുന്നുണ്ട്. വിദ്യാർത്ഥികളുടെ പരീക്ഷക്കാലത്ത് യാത്രകൾക്കുവേണ്ടി ബസുകൾ വഴിതിരിച്ചുവിട്ടുള്ള ജനദ്രോഹം വർദ്ധിച്ചു വരികയാണ്. വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന പൊലീസിന് കുട്ടികളുടെ പരീക്ഷ വലിയ കാര്യമല്ല.

യാത്രകളുടെ തലവേദനയ്ക്കിടെയാണ് പത്തനംതിട്ടയിൽ നടക്കുന്ന ഹാഥ് സേ ഹാഥ് പദയാത്രയിൽ നടന്ന മുട്ടയേറ്. എ. ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥപെരുമാൾ പങ്കെടുത്ത പദയാത്രയ്ക്കിടെ മുട്ടയെറിഞ്ഞത് എതിർ പാർട്ടിക്കാരോ ശത്രുക്കളോ അല്ല. ഡി.സി.സി ജനറൽ സെക്രട്ടറിയും പത്തനംതിട്ട നഗരസഭ കൗൺസിലറുമായ എം.സി ഷെറീഫാണ്. പദയാത്രയ്ക്ക് പിന്നിൽ യാത്രചെയ്ത പെരുമാളിന്റെ കാറിന് മുകളിലാണ് എറിഞ്ഞ മുട്ട വീണ് പൊട്ടിയത്. സംഭവിച്ചതെന്താണെന്ന് മനസിലാകാതെ അദ്ദേഹം കുഴങ്ങി. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങളിലാണ് സാധരണയായി മുട്ടയും കല്ലും വന്ന് പതിക്കാറുള്ളത്. എറിഞ്ഞത് നമ്മുടെ പാർട്ടിക്കാരനാണെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞപ്പോഴാണ് പത്തനംതിട്ടയിലെ പാർട്ടിയിലെ പ്രശ്നങ്ങളുട‌െ ആഴം പെരുമാളിന് മനസിലായത്. തമ്മിലടിയിലും പരസ്യപ്പോരിലും പാർട്ടി ആകെ ആടിയുലഞ്ഞ് വശംകെട്ടിരിക്കുന്നു. എന്തെങ്കിലും പരിപാടിയിട്ടാൽ നേതാക്കൾതന്നെ അലങ്കോലമാക്കും. ഡി.സി.സി നേതൃത്വത്തിനും താഴെത്തട്ടിൽ ബൂത്ത് കമ്മിറ്റിക്കും വരെ ഭ്രാന്ത് പിടിച്ച സ്ഥിതി. ഡി.സി.സി യോഗത്തിൽ നിന്ന് കലഹിച്ച് ഇറങ്ങിപ്പോയ മുൻ പ്രസിഡന്റ് മുണ്ട് മാടിക്കുത്തി കതകിന് തൊഴിക്കുന്ന ദൃശ്യം ഗാന്ധിജിയുടെ തലമുറക്കാരെ മാത്രമല്ല, മലയാളികളെ മുഴുവൻ ഞെട്ടിച്ചു. മുതിർന്ന നേതാവ് പി.ജെ.കുര്യൻ പോലും റോഡിലിറങ്ങിയാൽ വളർത്തി വലുതാക്കിയവരുടെ അടിയുടെ ചൂടറിയും. മല്ലപ്പള്ളിയിലെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം കൈയകലത്തിലാണ് രക്ഷപ്പെട്ടത്. തെരുവിൽ നേരെ കണ്ടാൽ നേതാക്കൾ തമ്മിലടിക്കും. ഇല്ലെങ്കിൽ ജാതിയും ഉപജാതിയും പറഞ്ഞ് തെറിവിളിക്കും.

പറഞ്ഞുപറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ പേരിലും ഏറ്റുമുട്ടലായി. വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ സംഘാടകസമിതി ചേരാനും പറ്റാതായി. യോഗത്തിൽ സംസാരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു വൈക്കം സത്യഗ്രഹത്തിലെ ശ്രീനാരായണ ഗുരുവിന്റെ പങ്ക് ബോധപൂർവം വിസ്മരിച്ചെന്നാണ്, യോഗത്തിൽ പങ്കെടുക്കാത്ത ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.സോജിയുടെ ആരോപണം. പഴകുളം മധു ഗുരുദേവനെ ബോധപൂർവം വിസ്മരിച്ചെങ്കിൽ അത് പുറത്തു പറയേണ്ടത് യോഗത്തിൽ പങ്കെടുത്തവരായിരുന്നു. കോൺഗ്രസിൽ ആളിക്കത്തുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം പുനഃസംഘടന നടക്കാത്തതാണ്. അധികാരത്തിൽ നിന്നും പദവികളിൽ നിന്നും അകറ്റി നിറുത്തപ്പെടുന്നവർ ഈ പാർട്ടിയിൽ വഴക്കാളികളായി മാറും. അവരെ കുറ്റം പറയാനാവില്ല. കോൺഗ്രസിൽ പദവികളാണ് നേതാക്കളെയും അണികളെയും സൃഷ്ടിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മുതിർന്ന രണ്ട് നേതാക്കൾ സസ്പെൻഷനിലാണ്. പുന:സംഘടനയിൽ തഴയപ്പെട്ടേക്കുമന്ന് ഭയന്ന് കലഹിക്കുന്നവരും നോട്ടപ്പുള്ളികളാണ്. ഒടുവിൽ, മുട്ടയെറിഞ്ഞ നേതാവും സസ്പെൻഷനിലായി.

പാർട്ടിയിൽ അച്ചടക്കം നിലനിറുത്താൻ കണ്ണും പൂട്ടി നടപടിയെടുക്കുകയാണ് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിന്റെ ഇപ്പോഴത്തെ പണി. അദ്ദേഹം പ്രൊഫസറായിരുന്നതുകൊണ്ട് അച്ചടക്കത്തെപ്പറ്റിയാണ് എപ്പോഴും ചിന്ത. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടാനായി ഇനി നേതാക്കളില്ല. ഡി.സി.സി യോഗം വിളിച്ചാൽ നേതാക്കളുടെ കൂട്ടമായിരുന്നു ഇന്ദിരാഭവനിൽ. ഇനി യോഗം വിളിച്ചാൽ ക്വാറം തികയ്ക്കാൻ നേതാക്കളെ വിളിച്ചു വരുത്തേണ്ട നിലയായി. സമരം ചെയ്യാനും വെയിലുകൊള്ളാനും യൂത്ത് കോൺഗ്രസുകാരുണ്ട്. മുതിർന്ന നേതാക്കൾ തമ്മിലടിക്കുമ്പോഴും സസ്പെൻഷനിലാകുമ്പോഴും യൂത്ത് കോൺഗ്രസുകാരിൽ നാളത്തെ പ്രതീക്ഷകൾക്കുള്ള വെളിച്ചം പരക്കുന്നു. മുതിർന്ന നേതാക്കൾ കളമൊഴിഞ്ഞാലേ യൂത്തുകാർക്ക് സാദ്ധ്യതയുള്ളൂ.

ഹാഥ് സേ ഹാഥ് പദയാത്ര ആരംഭഘട്ടത്തിലാണ്. പോകുന്ന വഴിയിൽ മുട്ട കൊണ്ട് നേതാക്കളെ അഭിഷേകം ചെയ്യുന്നു. കുറേ കഴിയുമ്പോൾ ചാണകവും ഗോമൂത്രവും കരിഓയിലും പ്രതീക്ഷിക്കാം. ജാഥ അവസാനിക്കുമ്പോഴേക്ക് കൂട്ടപ്പൊരിച്ചിലും പുറത്താക്കലുകളും ഏറും. അവസാനം ഡി.സി.സി പ്രസിഡന്റും പാർട്ടിയും എന്ന നില വരുമ്പോൾ അവഗണിക്കപ്പെട്ടവർക്കും പുതുമുഖങ്ങൾക്കും പാർട്ടിയിൽ സ്ഥാനം ഉറപ്പിക്കാം. ഉറങ്ങിക്കിടക്കുന്ന പ്രസ്ഥാനത്തെ ഉണർത്താൻ നൂറുനൂറ് ചുണക്കുട്ടികൾ ഉയർന്നുവരും. മുതിർന്നവർ വിശ്രമിക്കട്ടെ.

Advertisement
Advertisement