ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസ്: ഒരു പ്രതികൂടി പിടിയിൽ

Wednesday 22 March 2023 12:50 AM IST

തൃക്കാക്കര: മോട്ടോർ വാഹനവകുപ്പിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ ഒരുപ്രതി കൂടി പിടിയിൽ. തിരുവനന്തപുരം കരമന സരസമന്ദിരത്തിൽ ഗോപകുമാരൻ തമ്പിയെയാണ് (55) ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.

പൊലീസ് പറയുന്നത്: 2015ൽ പി.എസ്.സി നടത്തിയ അസി. മോട്ടോർ വെഹിക്കിൾ തസ്തികയിലേക്കുള്ള പരീക്ഷ പാസായ ശരത്ത് എന്ന യുവാവാണ് തട്ടിപ്പിനിരയായത്. വൈദ്യപരിശോധനയിൽ അയോഗ്യനായ ശരത്തിന് ജോലി തരപ്പെടുത്താമെന്ന വാഗ്ദാനവുമായി ഗോപകുമാരൻ തമ്പിയും സംഘവും സമീപിക്കുകയും പല തവണകളായി 575000 രൂപ കൈക്കലാക്കുകയുമായിരുന്നു. ജോലി ശരിയാകാത്തതിനാലാണ് കഴിഞ്ഞ ഒക്ടോബറിൽ പൊലീസിൽ പരാതി നൽകിയത്. ഈ കേസിലെ പ്രതികളായ സുരേഷ്‌കുമാറിനെയും ദീപക്കിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പി.എസ്.സി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സുരേഷ്‌കുമാർ ഗോപകുമാരൻ തമ്പിയെ പരിചയപ്പെടുത്തിയത്. ഒളിവിൽപോയ പ്രതിയെ ഇന്നലെയാണ് പിടികൂടിയത്.

ഇൻഫോപാർക്ക് സി.ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരളീധരൻ, സി.പി.ഒ ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.