ചേർപ്പിലെ സദാചാര കൊലപാതകം: അഞ്ച് പ്രതികൾ പിടിയിൽ

Wednesday 22 March 2023 1:00 AM IST

ചേർപ്പ്: ചിറയ്ക്കൽ കോട്ടത്ത് രാത്രി പെൺസുഹൃത്തിനെ കാണാനെത്തിയ സ്വകാര്യ ബസ് ഡ്രൈവർ കോട്ടം മമ്മസ്രായിലത്ത് സഹാർ (32) മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ 4പ്രതികളെ ഉത്തരാഖണ്ഡിൽ നിന്നും ഒരാളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി.

കുറുമ്പിലാവ് സ്വദേശികളായ കറുപ്പം വീട്ടിൽ അമീർ(30),കൊടക്കാട്ടിൽ അരുൺ (21),ഇല്ലത്തു പറമ്പിൽ സുഹൈൽ (23) കുറുമത്ത് വീട്ടിൽ നിരഞ്ജൻ (22),കോട്ടം മച്ചിങ്ങൽ ഡിനോൻ (28) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ദോംഗ്‌റേ,ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്,ചേർപ്പ് ഇൻസ്‌പെക്ടർ എം.പി. സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട വാടാനപ്പിള്ളി എസ്.ഐ കെ. അജിത്ത്,എ.എസ്.ഐ ടി.ആർ. ഷൈൻ,സീനിയർ സി.പി.ഒ സോണി സേവ്യർ എന്നിവർ ചേർന്ന് ഉത്താരാഖണ്ഡിൽ നിന്ന് പിടികൂടിയത്.

ഉത്താരാഖണ്ഡിലെ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്. നേപ്പാളിലേക്ക് ബസ് മാർഗം കടക്കാൻ ശ്രമിക്കുന്നതിനിടെ അന്വേഷണ സംഘത്തിന് സംശയം തോന്നുകയും പിടികൂടുകയുമായിരുന്നു. ഉടൻ അവരെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി നാട്ടിലെത്തിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം മുഖ്യപ്രതികളിൽപ്പെട്ട ഡിനോൻ ഡൽഹി,പൂനെ എന്നിവടങ്ങളിൽ സഞ്ചരിച്ച് കഴിഞ്ഞ ദിവസം രാവിലെ കോട്ടയത്ത് നിന്ന് ട്രെയിൻ വഴി തൃശൂരിലെത്തിയപ്പോൾ പിടികൂടി. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹാർ രാത്രി പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ കുറച്ചുപേർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പ്രതികളിൽ ഭൂരിഭാഗം പേരും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നിനും മദ്യത്തിനും അടിമകളാണ്. ഇവർക്ക് വിവിധ സംസ്ഥാനങ്ങളിലടക്കം മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലേക്കായി അവർ രക്ഷപ്പെട്ടതും.

പ്രതികളെ ഏതെങ്കിലും വിധത്തിൽ സഹായിച്ചവർ,രക്ഷപ്പെടാൻ സഹായിച്ചവർ,സാമ്പത്തിക സഹായം ചെയ്തവർ,ഒളിത്താവളം ഒരുക്കിയവർ അടക്കമുള്ളവരെയും പിടികൂടുമെന്ന് റൂറൽ എസ്.പി ഐശ്വര്യ ദോംഗ്‌റേ,ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ് എന്നിവർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ അഞ്ച് പേരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ടവരും അവരെ സഹായിച്ചവരുമടക്കം 10 പേർ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ളവരും ഉടൻ പിടിലാകുമെന്ന് ഡിവൈ.എസ്.പി ബാബു കെ. തോമസ് പറഞ്ഞു. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.