വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ അലംഭാവം തുടർന്ന് പൊലീസ്

Wednesday 22 March 2023 1:43 AM IST

തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് വീട്ടമ്മയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിൽ അലംഭാവംതുടർന്ന് പൊലീസ്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതല്ലാതെ കാര്യമായ അന്വേഷണമൊന്നും പൊലീസ് നടത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഹെൽമെറ്റ് ധരിച്ചിരുന്ന അക്രമി മൂലവിളാകത്തുനിന്നു മുളവന ഭാഗത്തേക്കാണ് സ്‌കൂട്ടറിൽ പോയതെന്നാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. അമിത വേഗത്തിലാണ് പോയത്. വാഹനത്തിന്റെ നമ്പർ തിരിച്ചറിയുന്ന ഒന്നും കിട്ടിയിട്ടില്ല. പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുമ്പ് കേസിൽ പ്രതിയായവരെയും മറ്റും കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. അക്രമി രക്ഷപ്പെടാൻ സാദ്ധ്യതയുള്ള വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങളും വരുംദിനങ്ങളിൽ പരിശോധിക്കും. അന്വേഷണത്തിൽ അലംഭാവം കാട്ടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

സംഭവം നടക്കുന്ന സമയത്ത് തൊട്ടടുത്ത കമ്പ്യൂട്ടർ സെന്ററിൽ ജോലി നോക്കിയിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സാക്ഷി പറയാനും സംഭവത്തെക്കുറിച്ച് വിവരിക്കാനും തയ്യാറാകുന്നില്ല. ആക്രമിക്കപ്പെട്ട വീട്ടമ്മയുടെ മകളോട് അന്നു രാത്രി ശബ്ദം കേട്ടിരുന്നു എന്ന് പറഞ്ഞയാളാണ് ഇപ്പോൾ നിലപാട് മാറ്റിയത്.

 സതീശനും ഷിബുവും സന്ദർശിച്ചു

ആക്രമിക്കപ്പെട്ട 49കാരിയെ കാണാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും വസതിയിലെത്തി. പൊലീസിന്റെ നിലപാടുകൾ കാണുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുകയാണെന്ന് സതീശൻ പറഞ്ഞു. സാംസ്കാരികമായി മുന്നിൽ നിൽക്കുന്ന കേരളത്തിൽ വീട്ടമ്മയ്ക്ക് ഇറങ്ങി നടക്കാനാവാത്തത് നാണക്കേടാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഉദാസീനതയുടെ ഉത്തമദൃഷ്ടാന്തമാണിത്. രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടൊന്നും കാര്യമില്ല. സമൂഹത്തിൽ നിന്നുള്ള പിന്തുണയും സ്ത്രീകൾക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement