തലസ്ഥാനത്ത് പ്രേംനസീർ സ്‌ക്വയർ, നിർമ്മാണോദ്ഘാടനം 24ന്
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേംനസീർ സ്‌ക്വയർ വരുന്നു. നന്തൻകോട് ജംഗ്ഷനിലെ പൊതുമരാമത്ത് റൗണ്ട് എബൌട്ടാണ് പ്രേംനസീർ സ്‌ക്വയർ എന്ന് നാമകരണം ചെയ്യുന്നത്. നാച്വറൽ കമ്പനി ഡിസൈൻ ചെയ്ത സ്‌ക്വയറിന്റെ നിർമ്മാണ ചെലവും പരിപാലനവും പ്രേംനസീർ സുഹൃദ് സമിതി വഹിക്കും. സ്‌ക്വയർ നിർമ്മാണ പ്രവർത്തനോദ്ഘാടനം 24ന് വൈകിട്ട് 5.30ന് വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിക്കും.
കൗൺസിലർമാരായ ഡോ.കെ.എസ്. റീന. പാളയം രാജൻ, വി.വി.രാജേഷ്, മുൻ എം.എൽ.എ വി.എസ്.ശിവകുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, മുൻ മേയർ കെ.ശ്രീകുമാർ, നിംസ് മെഡിസിറ്റി എം.ഡി ഡോ.എം.എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ പങ്കെടുക്കും. പ്രേംനസീറിന്റെ 97-ാം ജന്മദിനമായ ഏപ്രിൽ 7ന് സ്‌ക്വയർ ഉദ്ഘാടനം ചെയ്യുമെന്ന് പ്രേംനസീർ സുഹൃദ് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.