പുരസ്‌കാര നിറവിൽ ശെമ്മാങ്കുടിയുടെ പ്രിയ ശിഷ്യ

Wednesday 22 March 2023 2:52 AM IST

തി​രുവനന്തപുരം: 50 വർഷത്തി​നു ശേഷം വീണ്ടും മദ്രാസ് മ്യൂസി​ക് അക്കാഡമി​യി​ൽ നി​ന്ന് പുരസ്‌കാരം തേടി​യെത്തി​യതി​ന്റെ സന്തോഷത്തി​ലാണ് മലയാളത്തി​ന്റെ പ്രി​യ സംഗീതജ്ഞ പ്രൊഫ. പാൽക്കുളങ്ങര കെ. അംബി​കാദേവി​. സംഗീതകലാചാര്യ പുരസ്‌കാരമാണ് അംബി​കാദേവിക്ക് ലഭിച്ചത്. കുട്ടി​ക്കാലം മുതൽ സംഗീതത്തി​ൽ മുഴുകി​യ ജീവി​തത്തി​ന് ലഭി​ക്കുന്ന ഓരോ പുരസ്‌കാരങ്ങളും തന്റെ ഉള്ളി​ലെ സംഗീതജ്ഞയെ തി​രി​ച്ചറി​ഞ്ഞ സഹോദരൻ സേതുരാമന് സമർപ്പി​ക്കാനാണ് പാൽക്കുളങ്ങര അംബി​കാദേവി​ക്ക് ഇഷ്ടം.

ഏഴാം ക്ളാസ് പാസായപ്പോൾ സംഗീത കോളേജി​ൽ കൊണ്ടുപോയി​ ചേർത്തത് സഹോദരനായി​രുന്നു. 1972-73കാലത്ത് മദ്രാസിൽ ഒരു കച്ചേരി നടത്തി. അന്ന് പ്രശസ്ത ഗായിക എം.എസ്.സുബ്ബുലക്ഷ്മി റേഡിയോയിലൂടെ കച്ചേരി കേട്ട ശേഷം അംബികാദേവിയുടെ ഗുരുവായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരോട് ചോദിച്ചത് നിങ്ങളുടെ ശിഷ്യയാണോ ഇതെന്നാണ്. അപ്പോൾ അദ്ദേഹം തമാശയായി നൽകിയ മറുപടി ഇവൾ എന്റെ ശിഷ്യയല്ല, ഗുരുവാണെന്നായിരുന്നു.

പിന്നീട് കവടിയാർ കൊട്ടാരത്തിൽ ഒരു പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് എം.എസ്.സുബ്ബുലക്ഷ്മിയെത്തിയപ്പോൾ കാണാൻ അംബികാദേവിയും പോയിരുന്നു. അന്ന് അവർ പറഞ്ഞ 'ഉന്നോട ശ്ളോകം ഏൻ കാതിലേ കേട്ടുക്കിട്ടേയിറുക്ക്' (നീ പാടിയ ശ്ളോകം എന്റെ കാതുകളിൽ കേട്ടുകൊണ്ടേയിരിക്കുന്നു) എന്ന വാക്കുകൾ തനിക്കുള്ള ഏറ്റവും വലിയ ബഹുമതിയായി അംബികാദേവി ഇന്നും ഓർമ്മിക്കുന്നു. സംഗീതാദ്ധ്യാപികയായിരുന്ന അംബികാദേവി 1995ൽ സ്വാതി തിരുനാൾ സംഗീത കോളേജ് ഡിപ്പാർട്ട്മെന്റ് ഹെഡായാണ് വിരമിച്ചത്. 1973ൽ മദ്രാസ് മ്യൂസിക് അക്കാഡമിയിൽ നിന്ന് മികച്ച സംഗീതജ്ഞയ്ക്കുള്ള പുരസ്കാരം പാൽക്കുളങ്ങര അംബികാ ദേവിക്ക് ലഭിച്ചിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോ നടത്തിയ സംഗീതമത്സരത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ അംബികാദേവി ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിൽ നിന്ന് നേരിട്ട് പുരസ്കാരം വാങ്ങിയ ആദ്യ മലയാളി വനിത കൂടിയാണ്.

കൊട്ടാരത്തി​ൽ ഹെഡ് അക്കൗണ്ടന്റായ അച്ഛൻ കെ.എൻ.കേശവപി​ള്ളയും മറ്റ് സഹോദരന്മാരും വളരെ കാർക്കശ്യക്കാരായി​രുന്നെങ്കി​ലും സംഗീതം ഒരു സപര്യയാക്കുന്നതി​ൽ എല്ലാവർക്കും സമ്മതമായി​രുന്നു. അംബി​കാദേവി​യുടെ അമ്മ സി​.കെ.കാർത്ത്യായനി​യമ്മയും പാട്ടുകാരി​യായി​രുന്നു. ഭർത്താവ് പരേതനായ ചെന്നിത്തല രാമകൃഷ്ണപിള്ള സ്വാതി തിരുനാൾ സംഗീത കോളേജിലെ മൃദംഗം പ്രൊഫസർ ആയിരുന്നു.

പ്രായാധിക്യം ഈ 83കാരിയെ തളർത്തുന്നുണ്ടെങ്കിലും സംഗീതമെന്നു കേട്ടാൽ പാൽക്കുളങ്ങര അംബികാദേവി പഴയ 12കാരിയായി മാറും. അമ്മയ്‌ക്ക് കൂട്ടായി മക്കളായ ഹരികൃഷ്ണനും ശ്യാമകൃഷ്ണനും സ്വാതി കൃഷ്ണനും പുരന്ദരകൃഷ്ണനുമുണ്ട്.