സഭാ സ്‌തംഭനം തുടരുന്നു, പുറത്ത് വാക്ക്‌പോരും
ന്യൂഡൽഹി: ഭരണപ്രതിപക്ഷാംഗങ്ങളുടെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടിൽ പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ഏഴാം ദിവസവും ഇരു സഭകളിലെയും നടപടികൾ തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ അദാനി വിഷയത്തിലെ അന്വേഷണമുയർത്തി പ്രതിപക്ഷവും ലണ്ടൻ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പി അംഗങ്ങളും കൊമ്പുകോർത്തു. സഭയ്‌ക്ക് പുറത്തേക്കും വാക്ക്പോര് തുടർന്നു. അതിനിടെ, ബഹളത്തിനിടയിലും ലോക്‌സഭയിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്‌മീരിന്റെ ബഡ്‌ജറ്റും അപ്രോപ്രിയേഷൻ ബില്ലും പാസാക്കി. നവരാത്രി പൂജ പ്രമാണിച്ച് ഇന്ന് പാർലമെന്റ് അവധിയാണ്.
ബഹളത്തെത്തുടർന്ന് ലോക്‌സഭ നിറുത്തിവയ്ക്കുകയായിരുന്നു. വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്ന സ‌്‌പീക്കർ ഓം ബിർളയുടെ അപേക്ഷ ആരും ചെവിക്കൊണ്ടില്ല. രാജ്യസഭയിൽ റിപ്പോർട്ടുകളുൾപ്പെടെ മേശപ്പുറത്ത് വച്ച ശേഷം പ്രതിപക്ഷാംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ അദ്ധ്യക്ഷൻ
ജഗ്‌ദീപ് ധൻകർ തള്ളിയതോടെ ജെ.പി.സി ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന് രണ്ടു മണിവരെ നിറുത്തിവച്ചു. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ രാവിലെ 11.30ന് ചേംബറിൽ സഭാ നേതാക്കളെ അദ്ദേഹം ചർച്ചയ്‌ക്കു വിളിച്ചെങ്കിലും ബി.ജെ.പി, വൈ.എസ്.ആർ.സി.പി, ടി.ഡി.പി ഒഴികെയുള്ള പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തില്ല. ഉച്ചയ്‌ക്കു ശേഷവും ബഹളം തുടർന്നതോടെ നാളെ വരെ പിരിഞ്ഞു.
രാവിലെ നിറുത്തിവച്ച സഭ രണ്ടുമണിക്ക് ചേർന്നപ്പോഴാണ് പ്രതിപക്ഷ ബഹളത്തിനിടെ ജമ്മു കാശ്മീരിനായി 2023-24 സാമ്പത്തിക വർഷത്തേക്കുള്ള 1.118 ലക്ഷം കോടി രൂപയുടെ ബഡ്‌ജറ്റ് ലോക്‌സഭ പാസാക്കിയത്. ബഡ്‌ജറ്റിൻ മേൽ ചർച്ച നടത്താൻ സഭ നിയന്ത്രിച്ച ഉപാദ്ധ്യക്ഷൻ രജീന്ദ്ര അഗർവാൾ ബി.ജെ.പിയിലെ ജുഗൽ കിഷോർ ശർമ്മയോട് ആവശ്യപ്പെട്ടു.
ശർമ്മ ഒരു മിനിട്ട് സംസാരിച്ച ശേഷം ബഡ്‌ജറ്റ് ശബ്ദവോട്ടോടെ പാസാക്കി.
തുടർന്ന് ലോക്‌സഭയും നാളെ വരെ പിരിഞ്ഞു.
ശേഷം പ്രതിപക്ഷാംഗങ്ങൾ ജെ.പി.സി ആവശ്യമുയർത്തിയ വൻ ബാനറുകളുമായി പാർലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയിൽ നിരന്നുനിന്ന് പ്രതിഷേധിച്ചത് ശ്രദ്ധേയമായി. സാധാരണ ഗാന്ധി പ്രതിമയ്‌ക്കു മുന്നിലാണ് പ്രതിഷേധിക്കാറുള്ളത്.
പുറത്ത് വാക്ക്‌പോര്
സഭയിൽ സംസാരിക്കാനുള്ള അവകാശം അവർ കവർന്നെടുക്കുന്നു. ചർച്ച നടന്നാൽ ഉത്തരം നൽകേണ്ടിവരുമെന്ന് പേടിച്ച് ഒളിച്ചോടുന്നു.
അവർ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തിരക്കിലാണ്. പാർലമെന്റിൽ കാര്യങ്ങൾ നടത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്.
-അധീർ രഞ്ജൻ ചൗധരി, കോൺഗ്രസ് ലോക്‌സഭാ നേതാവ്
പാർലമെന്റിൽ ദൗർഭാഗ്യകരമായ സാഹചര്യമാണ്. സഭാ അദ്ധ്യക്ഷൻമാർക്കെതിരെ കോൺഗ്രസ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ചർച്ചയ്‌ക്ക് വിളിച്ചപ്പോൾ കോൺഗ്രസ് ബഹിഷ്‌കരിച്ചു. പ്രശ്‌ന പരിഹാരത്തിന് പ്രതിപക്ഷം തയ്യാറല്ല. സഭ പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.
-പിയൂഷ് ഗോയൽ, ബി.ജെ.പി രാജ്യസഭാ നേതാവ്
പ്രസംഗിക്കണം: സ്‌പീക്കർക്ക് കത്ത് നല്കി രാഹുൽ
രാഹുൽ പുതിയ മിർ ജാഫറെന്ന് ബി.ജെ.പി
ലണ്ടൻ പ്രസംഗത്തെക്കുറിച്ച് സഭയ്‌ക്കുള്ളിൽ സംസാരിക്കാൻ അനുവാദം തേടി രാഹുൽ ഗാന്ധി 18ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് നൽകിയ കത്ത് കോൺഗ്രസ് പുറത്തുവിട്ടു. 17ന് ഇതേ വിഷയത്തിൽ സ്‌പീക്കറെ നേരിട്ട് കണ്ട് കത്തു നൽകിയിരുന്നു.
പ്രസംഗം സംബന്ധിച്ച് മന്ത്രിമാരും ഭരണകക്ഷി എം.പിമാരുടെയും അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു. ചട്ടം 357 പ്രകാരം പാർലമെന്റ് അംഗത്തിന് തന്റെ ഭാഗം വിശദീകരിക്കാൻ അവകാശമുണ്ട്. മുമ്പ് പല നേതാക്കളും ഇത് വിനിയോഗിച്ചിട്ടുണ്ട്. 2015ൽ അന്ന് കോൺഗ്രസ് എം.പിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ ആരോപണങ്ങൾക്ക് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് സഭയിൽ വിശദീകരണം നൽകിയത് രാഹുൽ ഉദാഹരണമായി പറഞ്ഞു.
രാഹുൽ മിർ ജാഫർ: ബി.ജെ.പി
വിദേശത്ത് പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന രാഹുൽ ഗാന്ധി ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിലെ മിർ ജാഫറെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു. രാഹുൽ മാപ്പ് പറയേണ്ടിവരുമെന്നും പറഞ്ഞു. രാജ്യത്തെ അപമാനിക്കുകയും വിദേശികളുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം ലഭിക്കാൻ പശ്‌ചിമ ബംഗാളിലെ 24 പർഗാനസ് മേഖല വിട്ടുനൽകിയ മിർ ജാഫറും അതാണ് ചെയ്തത്. ഇന്ത്യയിലെ 'ഷഹ്സാദ'(സുൽത്താൻ) ആകാൻ അദ്ദേഹം വിദേശ രാജ്യങ്ങളുടെ സഹായം തേടുന്നു.
സിറാജ് ഉദ്-ദൗളയുടെ
പടത്തലവനായിരുന്ന മിർ ജാഫർ 1757ലെ പ്ലാസി യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിച്ചത് ചൂണ്ടിക്കാട്ടിയാണ് പാത്രയുടെ ആരോപണം.
2019 മുതൽ രാഹുൽ ഗാന്ധി ആറ് തവണ മാത്രമേ പാർലമെന്റിലെ ചർച്ചകളിൽ പങ്കെടുത്തിട്ടുള്ളൂ. നിർഭാഗ്യവശാൽ ഒരു എം.പിയാണെന്ന രാഹുലിന്റെ പരാമർശം രാഷ്‌ട്രീയ അജ്ഞത വ്യക്തമാക്കുന്നു. ജയറാം രമേശിന്റെ സഹായമില്ലാതെ സംസാരിക്കാനാകില്ലെന്നും സംബിത് പാത്ര കുറ്റപ്പെടുത്തി.
രാഹുൽ മാപ്പു പറയില്ല, ശക്തമായ മറുപടി നൽകും: കോൺഗ്രസ്
സർക്കാരിനെ വിമർശിക്കുന്നത് രാജ്യത്തിന് എതിരാകില്ലെന്നും രാഹുൽ മാപ്പ് പറയുമെന്ന് ഷായും (അമിത് ഷാ) ഷെഹൻഷായും (നരേന്ദ്ര മോദി) കരുതേണ്ടെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. വാട്ട്‌സ്ആപ്പിലെ പാതി വെന്ത അറിവുകളുമായി സംസാരിക്കുന്നവരാണ് ബി.ജെ.പി വക്താക്കൾ. സംബീത് പാത്രയ്‌ക്ക് ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു
സർക്കാർ ശുദ്ധമാണെങ്കിൽ, അദാനി വിഷയത്തിലുള്ള ചർച്ച ഭയപ്പെടുന്നതെന്തിന്. അദാനിയെക്കുറിച്ച് രാഹുൽ വീണ്ടും പ്രധാനമന്ത്രിയോട് ചോദിക്കുമോയെന്ന ആശങ്ക കാരണമാണ് ബി.ജെ.പി ഇത്രയും നാടകീയത സൃഷ്‌ടിക്കുന്നത്. സർക്കാരിനെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കലല്ല. പാർലമെന്ററി ജനാധിപത്യം വളരുന്നത് സംവാദത്തിലൂടെയാണ്. ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തൃണമൂൽ കോൺഗ്രസ് തീരുമാനം 'ഷാ'യെയും 'ഷെഹെൻഷാ'യെയും പേടിച്ചാണെന്നും പവൻ ഖേര പറഞ്ഞു.
.