കവിത എത്തിയത് മൊബൈൽ ഫോണുകളുമായി

Wednesday 22 March 2023 2:45 AM IST

ന്യൂഡൽഹി: മദ്യ നയക്കേസുമായി ബന്ധപ്പെട്ട് ബി.ആർ.എസ് നേതാവ് കെ. കവിത ഇന്നലെ ഇ.ഡി മുമ്പാകെ ഹാജരായത് താൻ ഉപയോഗിച്ച മൊബൈൽ ഫോണുകളുമായി. ഇന്നലെ രാത്രി ഏറെ വൈകിയും കവിതയുടെ ചോദ്യം ചെയ്യൽ തുടർന്നു. തെളിവില്ലാതാക്കാനായി കവിത പത്ത് ഫോണുകൾ നശിപ്പിച്ചുവെന്ന ഇ.ഡി ആരോപണം പ്രതിരോധിക്കാനായാണ് ഫോണുകൾ കവറുകളിലാക്കി എത്തിയത്. ഫോണുകൾ മാദ്ധ്യമ പ്രവർത്തകരെ ഉയർത്തിക്കാട്ടിയ ശേഷമാണ് ഇ.ഡി ഓഫീസിലെത്തിയത്. മൊബൈൽ ഫോണുകൾ ഇ.ഡിയ്ക്ക് മുന്നിൽ ഹാജരാക്കുമെന്ന് കവിത പറഞ്ഞു. 11 ന് 9 മണിക്കൂറും 20 ന് 11 മണിക്കൂറുമാണ് കവിതയെ ചോദ്യം ചെയ്തത്.ഡൽഹി മദ്യ നയക്കേസിൽ ഉൾപ്പെട്ട ഇൻഡോ സ്പിരിറ്റ് എന്ന കമ്പനിയിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്നാണ് ഇ.ഡി കണ്ടെത്തിയത്. കമ്പനിയുമായി ബന്ധമുള്ള അരുൺ പിള്ള എന്ന മലയാളി ബിസ്റ്റിനസ്സുകാരനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 11 നാണ് കവിതയെ ആദ്യം ചോദ്യം ചെയ്തത്. പിന്നീട് മാർച്ച് 16 ന് ഹാജരാകാൻ സമൻസ് നൽകിയെങ്കിലും കവിത ഹാജരായില്ല. പിന്നീട് മാർച്ച് 20 ന് ഹാജരായ കവിതയെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയായിരുന്നു.