ഡൽഹി ബഡ്ജറ്റിന് കേന്ദ്രാനുമതി

Wednesday 22 March 2023 2:51 AM IST

ന്യൂഡൽഹി: ബഡ്ജറ്റിൽ പരസ്യത്തിന് മാറ്റിവച്ച തുകയെ സംബന്ധിച്ചും കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്ത സംസ്ഥാന സർക്കാർ നടപടികളെക്കുറിച്ചും വിശദീകരണം തേടിയ കേന്ദ്രസർക്കാർ ഒടുവിൽ ഡൽഹി സർക്കാരിന്റെ ബഡ്ജറ്റിന് അവതരണാനുമതി നൽകി. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ഡൽഹി സർക്കാരിനെ അറിയിച്ചു. ബഡ്ജറ്റ് ധനമന്ത്രി കൈലാഷ് ഗലോട്ട് ഇന്ന് അവതരിപ്പിച്ചേക്കും.

അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും മാറ്റി വച്ച തുകയിലും മറ്റ് കേന്ദ്ര പദ്ധതി സംബന്ധിച്ചും വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ഡൽഹി സർക്കാർ

വിശദീകരണം നൽകിയതോടെയാണ് ബഡ്ജറ്റിന് അനുമതി ലഭിച്ചത്.

ബഡ്ജറ്റ് അവതരണം ഇന്നലെ നടക്കാനിരിക്കെ കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച കാര്യം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് താരതമ്യേന കുറഞ്ഞ തുകയും പരസ്യത്തിന് കഴിഞ്ഞ തവണ അനുവദിച്ചതിനേക്കാൾ കൂടുതൽ തുകയും നീക്കിവെച്ചത് ഉൾപ്പെടെ നാല് കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയത്. മൂലധന ചെലവിലെ അപര്യാപ്തത, ലാഭകരമല്ലാത്ത പദ്ധതികൾക്ക് നൽകുന്ന സബ്‌സിഡി, ആയുഷ്മാൻ ഭാരത് പോലുള്ള കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളിലാണ് വിശദീകരണം തേടിയത്.

ബഡ്ജറ്റ് തടഞ്ഞ നടപടി ഭരണഘടന വിരുദ്ധ നടപടിയെന്ന് കുറ്റപ്പെടുത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ബഡ്ജറ്റിന് അനുമതി നൽകണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ബഡ്ജറ്റ് അവതരണം മുടങ്ങുന്നതെന്ന് കേജ്‌രിവാൾ കുറ്റപ്പെടുത്തിയിരുന്നു.

Advertisement
Advertisement